കൽപറ്റ: വയനാട് ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16 ആയി ഉയർന്നു.
ജില്ലയിൽ പകർച്ചവ്യാധി നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും കൂടുതൽ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കുട്ടികൾ മറ്റുള്ളവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കുട്ടികളിൽ നിന്ന് മറ്റ് കുട്ടികളിലേക്കും മുതിർന്നവരിലേക്കും രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിച്ചു.
പുതുതായി രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും സമീപത്തെ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടുകയും വേണം. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വ്യക്തിശുചിത്വം, ഭക്ഷണശുചിത്വം, പരിസര ശുചിത്വം എന്നിവയിൽ യാതൊരു തരത്തിലുള്ള വീഴ്ചയും വരുത്തരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ എത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.














Leave a Reply