കോൺഗ്രസിനും മീനാക്ഷി നടരാജനും തിരിച്ചടി; രാജ്യസഭ പത്രിക തള്ളിയതിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ കോൺഗ്രസിന്‍റെ മീനാക്ഷി നടരാജൻ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. പത്രിക തള്ളിയ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. തെരഞ്ഞെടുപ്പ് കമീഷനിൽ അപ്പീൽ നൽകാനും കോടതി നിർദേശം നൽകി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെയാണ് മീനാക്ഷി കോടതിയെ സമീപിച്ചത്. മൂന്ന് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ 18ന് നടക്കാനിരിക്കെയാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിച്ചത്. പത്രിക തള്ളിയ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയുടെ അവധിക്കാല ബെഞ്ചിലാണ് ഹരജി നൽകിയത്.

ബി.ജെ.പി സ്ഥാനാർഥി മഹേഷ് കേവത്, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ കോത്താരി എന്നിവരുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ഉന്നയിച്ച എതിർപ്പുകളെത്തുടർന്ന് ജൂൺ ഒമ്പതിനാണ് റിട്ടേണിങ് ഓഫീസറും മധ്യപ്രദേശ് അസംബ്ലി പ്രിൻസിപ്പൽ സെക്രട്ടറിയുമായ അരവിന്ദ് ശർമ മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. തെലങ്കാനയിലെ ഒരു കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിശദാംശങ്ങൾ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മീനാക്ഷി മറച്ചുവെച്ചു എന്നാരോപിച്ചാണ് പത്രിക തള്ളിയത്.

എന്നാൽ തന്‍റെ പേരിലുള്ളത് ക്രിമിനൽ കേസല്ല, മറിച്ച് ഒരു നിയമപരമായ നോട്ടീസ് മാത്രമാണെന്ന് മീനാക്ഷി നടരാജൻ വ്യക്തമാക്കി. കോടതി ഈ പരാതിയിൽ കേസെടുക്കുകയോ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും, അതിനാൽ നാമനിർദേശ പത്രികയിൽ ഇത് വെളിപ്പെടുത്തേണ്ടതില്ലെന്നും വാദിച്ചിരുന്നു. പത്രിക തള്ളിയതിനെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ വെള്ളിയാഴ്ചയും പ്രതിഷേധം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *