നിപ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്; രാമനാട്ടുകരയിൽ നിരീക്ഷണം കർശനം, പൊതുപരിപാടികൾക്ക് വിലക്ക്

ഫറോക്ക്: ഫാറൂഖ് കോളജിന് സമീപം താമസിക്കുന്ന ഗൃഹനാഥന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളവരിൽ രോഗവ്യാപനം കണ്ടെത്തിയാൽ മാത്രമേ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കൂ എന്ന നിലപാടിലാണ് അധികൃതർ. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 43കാരനിൽ നടത്തിയ പരിശോധനയിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

പരിശോധനാഫലം പുറത്തുവന്നതിനെ തുടർന്ന് ഫാറൂഖ് കോളജും സമീപ പ്രദേശങ്ങളും ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വിവിധ സ്ഥാപനങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് സേവനങ്ങൾ ചെയ്തിരുന്നയാളാണ് രോഗബാധിതൻ. കാരാട് ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു സോപ്പ് നിർമ്മാണ യൂണിറ്റ് ശുചീകരിക്കുന്നതിനിടെ അവിടെ വവ്വാലുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

വവ്വാലുകളുടെ വിസർജ്യാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന സമയത്ത് പൊടിയിലൂടെ വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചിരിക്കാമെന്ന സാധ്യതയും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷം വിവിധ ആശുപത്രികളിലും സ്കാനിംഗ് കേന്ദ്രങ്ങളിലുമായി ചികിത്സ തേടിയതിനാൽ സമ്പർക്കപ്പട്ടിക കൂടുതൽ വിപുലമായിട്ടുണ്ട്. രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരെയും ചികിത്സ നൽകിയ ആരോഗ്യപ്രവർത്തകരെയും കണ്ടെത്തി പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കുകയാണ്.

ക്വാറന്റീൻ നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിനൊപ്പം സമ്പർക്കപ്പട്ടികയിലുള്ളവരുടെ ആരോഗ്യനില തുടർച്ചയായി വിലയിരുത്തുന്നുണ്ട്. രാമനാട്ടുകര നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൺട്രോൾ റൂം സജ്ജമാക്കിയതോടൊപ്പം രോഗിയുടെ യാത്രാമാർഗം കണ്ടെത്തുന്നതിനുള്ള റൂട്ട് മാപ്പ് തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.

വീട്ടിലെ എട്ട് പേർ പ്രത്യേക നിരീക്ഷണത്തിൽ

രോഗബാധിതന്റെ വീട്ടിലുണ്ടായിരുന്ന എട്ട് പേരെയും പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പിതാവ്, മാതാവ്, ഭാര്യ, രണ്ട് മക്കൾ, മാതാവിന്റെ സഹോദരിയുടെ രണ്ട് മക്കൾ, സഹോദരി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. രോഗബാധ സ്ഥിരീകരിച്ച ശേഷം പരിചരണത്തിനായി എത്തിയ സഹോദരിയും ബന്ധുക്കളും ഉൾപ്പെടെ 14 കുടുംബാംഗങ്ങളും അഞ്ച് സുഹൃത്തുക്കളും ഇപ്പോൾ നിരീക്ഷണത്തിലാണ്.

രാമനാട്ടുകര നഗരസഭയിൽ ചേർന്ന ആർആർടി യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. പി.പി.ഇ കിറ്റ്, മാസ്ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ആവശ്യത്തിന് ലഭ്യമാണെന്നും യോഗം വിലയിരുത്തി.

വിവാഹങ്ങൾക്കും പൊതുപരിപാടികൾക്കും വിലക്ക്

രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ ചേർന്ന ആർആർടി യോഗം പ്രദേശത്ത് പ്രത്യേക ജാഗ്രതാ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. 50 വീടുകൾക്ക് ഒരു ആർആർടി ടീം എന്ന നിലയിൽ സ്ക്വാഡുകൾ രൂപീകരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതിനുമാണ് ഇവരുടെ ചുമതല.

പ്രദേശത്ത് ആളുകൾ കൂട്ടംചേരുന്ന വിവാഹങ്ങൾ, സൽക്കാരങ്ങൾ, മറ്റ് പൊതുപരിപാടികൾ എന്നിവയ്ക്ക് താൽക്കാലികമായി പൂർണ വിലക്ക് ഏർപ്പെടുത്തി. ജില്ലാ കലക്ടർ വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ നിലവിലെ സാഹചര്യം വിലയിരുത്തി. പ്രദേശവാസികൾ എൻ95 മാസ്ക് നിർബന്ധമായും ധരിക്കണമെന്നും സമ്പർക്കപ്പട്ടികയിലുള്ളവർ കർശന ക്വാറന്റീനിൽ കഴിയണമെന്നും തീരുമാനിച്ചു.

കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല

നിപ സ്ഥിരീകരിച്ച പ്രദേശം നിലവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. രോഗി ജോലി ചെയ്തിരുന്ന ഗോഡൗണും വീടിനോട് ചേർന്നുള്ള സപ്പോട്ട മരവും പരിശോധിച്ചിട്ടുണ്ട്. വവ്വാൽ കടിച്ച പഴങ്ങൾ ഭക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. വവ്വാലുകളുടെയോ മറ്റ് മൃഗങ്ങളുടെയോ അസാധാരണ മരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

നിപയ്ക്ക് പുറമെ വിവിധ വൈറൽ പനികൾ വ്യാപിക്കുന്ന സാഹചര്യമുള്ളതിനാൽ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *