കോഴിക്കോട്: നിപ ബാധിതന് രോഗം സ്ഥിരീകരിച്ചെന്നും ജില്ലാ കലക്ടറും ആരോഗ്യമന്ത്രിയും പരസ്പര വിരുദ്ധ പ്രസ്താവന നടത്തിയതിൽ ജില്ലാ കലക്ടറെ പഴിച്ച് മന്ത്രി കെ. മുരളീധരൻ. ഇന്നലെ വൈകീട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ രോഗിക്ക് നിപ സ്ഥിരീകരിച്ച് ഫലം ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി അറിയിച്ചത്. എന്നാൽ ഇതിന് പിന്നാലെ വാർത്താ സമ്മേളനം നടത്തിയ കലക്ടർ രോഗം സ്ഥിരീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും കലക്ടറുടെ പരിചയക്കുറവാണ് രണ്ടു രീതിയിലുള്ള പ്രഖ്യാപനം വരാനിടയാക്കിയതെന്നും മന്ത്രി പറഞ്ഞു. താൻ വാർത്താ സമ്മേളനം നടത്തുന്നതിന് മുൻപ് ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നുവെന്നും അതുവരെ പുണെ വൈറോളജി ലാബിൽ നിന്ന് നിപ ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
“രോഗം സ്ഥിരീകരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ല. ഞാൻ വാർത്താസമ്മേളനം നടത്തി തിരിച്ചെത്തിയതിന് ശേഷമാണ് കലക്ടറുടെ മെസേജ് കിട്ടിയത്. കലക്ടർ പുതിയ ആളാണ്. അതിനാൽ ഇത് മന്ത്രിയെ അറിയിച്ചിട്ട് വേണം പുറത്തു പറയാൻ എന്നത് അവർക്ക് ഓർമയില്ല. ഞാൻ വാർത്താസമ്മേളനം നടത്തുമ്പോൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഫലം വന്നാൽ മാത്രമേ പറയാൻ പറ്റൂ. എനിക്ക് മെസേജ് ലഭിച്ചത് ആറുമണിക്കാണ്”- മന്ത്രി പറഞ്ഞു.അഞ്ച് മണിക്ക് ജില്ലാ കലക്ടറുമായി താൻ സംസാരിച്ച ഘട്ടത്തിൽ പുണെയിൽ നിന്നുള്ള റിപ്പോർട്ട് വന്നിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് തന്നെ പുണെയിൽ നിന്ന് രോഗബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് വന്നിരുന്നുവെന്നാണ് ഇന്നലെ ജില്ലാ കലക്ടർ പറഞ്ഞത്. ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി കെ. മുരളീധരൻ പുണെയിൽ നിന്നുള്ള ഫലം വന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ജില്ലാ കലക്ടറുടെ വാർത്താ സമ്മേളനം.രോഗിയുടെ സമ്പർക്ക പട്ടികയും റൂട്ട് മാപ്പും ഇന്നലെ പുറത്തുവിട്ടിരുന്നു. ഇദ്ദേഹത്തിന് കേരളത്തിൽ നടത്തിയ പരിശോധനകളിൽ തുടക്കത്തിൽ തന്നെ നിപ ബാധ സ്ഥിരീകരിച്ചിരുന്നു. പുണെയിൽ നിന്ന് ഫലം വരും മുൻപ് തന്നെ ചികിത്സയും തുടങ്ങിയിരുന്നു.














Leave a Reply