കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. രോഗവ്യാപനം തടയാനുള്ള നടപടികളിൽ കൂടുതൽ ഏകോപനം ആവശ്യമാണെന്ന് പാർട്ടി നേതൃത്വം അഭിപ്രായപ്പെട്ടു.
നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഒരു കാരണവശാലും ദുർബലമാകരുതെന്നും സാഹചര്യം ഗൗരവമായി കണ്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ നേരിട്ട് കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും പി. എ. മുഹമ്മദ് റിയാസ് എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായ ഏകോപനം ഇപ്പോൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും ആത്മവിശ്വാസത്തോടെയും ഏകോപനത്തോടെയും മുന്നോട്ടുപോകേണ്ടത് അനിവാര്യമാണെന്നും റിയാസ് പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംഎൽഎ എന്ന നിലയിൽ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിപ സ്ഥിരീകരിച്ച രാമനാട്ടുകര മുനിസിപ്പാലിറ്റി റിയാസിന്റെ മണ്ഡല പരിധിയിലാണ്.
ആരോഗ്യവകുപ്പിനെതിരെ വിമർശനം
രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആവശ്യമായ പ്രാഥമിക നടപടികൾ പോലും കൃത്യമായി നടപ്പാക്കിയിട്ടില്ലെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബിന്റെ ആരോപണം. രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര മുൻകരുതലുകളും പ്രതിരോധ നടപടികളും മതിയായ രീതിയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ക്വാറന്റീനിൽ കഴിയുന്നവരുടെ പട്ടികയിലും വ്യക്തതയില്ലെന്നും നിലവിലെ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നടപടികൾ ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാമനാട്ടുകര-ഫറോക്ക് സ്വദേശിയായ 43-കാരനാണ് നിലവിൽ നിപ സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത്. പൂനെ എൻഐവിയിൽ നിന്നുള്ള പരിശോധനാഫലവും പോസിറ്റീവ് ആയതോടെ പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ രാഷ്ട്രീയ വിമർശനങ്ങളും ഉയരുന്നത്.














Leave a Reply