’19 വഞ്ചകരും രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കണം’; വിമത എംപിമാരെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർക്കെതിരെ കടന്നാക്രമണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. വിമതപക്ഷത്തെ വഞ്ചകരെന്ന് വിശേഷിപ്പിച്ച മഹുവ മൊയ്ത്ര, എംപി സ്ഥാനം രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. വിമതപക്ഷത്തിന് നിയമം അറിയില്ലെന്നും മൂന്നിൽ രണ്ട് എംപിമാർക്ക് മാത്രമേ മറ്റൊരു പാർട്ടിയിൽ ലയിക്കാൻ കഴിയൂ എന്നും മഹുവ മൊയ്ത്ര പറഞ്ഞു. എക്സിലൂടെ ആണ് മഹുവ മൊയ്ത്രയുടെ വിമർശനം.

മഹുവ മൊയ്ത്രയുടെ എക്സ് പോസ്റ്റ് ഇങ്ങനെ; “വഞ്ചകരായ ടിഎംസി നിയമസഭാംഗങ്ങൾക്ക് നിയമം അറിയില്ല. 2003ലെ 91-ാം ഭരണഘടനാ ഭേദഗതി, പിളർപ്പ് അഥവാ പ്രത്യേക ഗ്രൂപ്പ് എന്ന വ്യവസ്ഥ എടുത്തുമാറ്റിയിട്ടുണ്ട്. എംപിമാരുടെ എണ്ണം ഇവിടെ അപ്രസക്തമാണ്. യഥാർത്ഥ രാഷ്ട്രീയ പാർട്ടിയുടെ മൂന്നിൽ രണ്ട് (2/3) ഭാഗം മറ്റൊരു പാർട്ടിയിൽ ലയിക്കുകയാണ് വേണ്ടത്. ഈ 19 വഞ്ചകരും രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കണം”

തൃണമൂൽ കോൺഗ്രസിൻ്റെ 19 വിമത എംപിമാർ ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം തേടിയതിനിടെ ആണ് മമത ബാനർജി പക്ഷത്തുള്ള മഹുവ മൊയ്ത്രയുടെ കടുത്ത വിമർശനം. വിമത എംപിമാർ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് പിന്തുണ നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഋതബ്രത ബാനർജി നേതൃത്വം നൽകുന്ന വിമത ക്യാമ്പിന് 19 ലോക്സഭാ എംപിമാരുടെയും 64 എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നാണ് അവകാശവാദം. ഇക്കഴിഞ്ഞ ദിവസം വിമത ക്യാമ്പിലെ 19 എംപിമാരുടെ പട്ടിക ലോക്സഭാ സ്പീക്കർക്ക് കൈമാറി പ്രത്യേക ഇരിപ്പിടം തേടിയിരുന്നു.

കാകോലി ഘോഷ് ദസ്തിദാറിൻ്റെ നേതൃത്വത്തിലുള്ള വിമത എംപിമാരിൽ ശതാബ്ദി റോയ്, ബാപി ഹൽദാർ, ശർമിത സർക്കാർ, പ്രസൂൺ ബന്ധോപാധ്യായ്, ജഗദീഷ് ബർമ ബസുനിയ, അസിത് കുമാർ മാൽ, അരുപ് ചക്രബർത്തി, രചന ബാനർജി, സായോനി ഘോഷ്, ഘലിലൂർ റഹമാൻ, അബു താഹേർ ഖാൻ, യൂസഫ് പത്താൻ, മിഥാലി ബാഗ്, മാലാ റോയ്, കലിപദ സോറൻ, ദീപക് അധികാരി, ജൂൺ മാലിയ, പാർത്ഥ ഭൗമിക് എന്നിവരാണ് ഉൾപ്പെടുന്നത്. അതേസമയം തൃണമൂൽ കോൺ​ഗ്രസിന് രാജ്യസഭയിലും കടുത്ത പ്രതിസന്ധി നേരിടുകയാണ്. അടുത്തിടെ രാജിവെച്ച രാജ്യസഭാ എംപിമാരുടെ എണ്ണം മൂന്നായി. സുഷ്മിത ദേവ്, സുഖേന്ദു ശേഖ‍ർ റേ, പ്രകാശ് ചിക് ബരൈക്ക് എന്നിവരാണ് രാജിവെച്ച രാജ്യസഭാ എംപിമാ‍ർ.

Leave a Reply

Your email address will not be published. Required fields are marked *