ന്യൂഡൽഹി: ജൂൺ എട്ടിന് ചേർന്ന ഇൻഡ്യാ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അതിന് തയാറല്ലെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ വ്യക്തമാക്കി.
പിണറായി വിജയനുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടമാണ് തനിക്കുള്ളതെന്നും ഇത്തരം പ്രാദേശിക രാഷ്ട്രീയ യാഥാർഥ്യങ്ങൾ മനസ്സിലാക്കിയാണ് ഇൻഡ്യാ സഖ്യം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ നിലപാടുകളോട് കോൺഗ്രസ് അടിസ്ഥാനപരമായി വിയോജിക്കുന്നുവെന്നും എന്ത് സാഹചര്യത്തിലും കോൺഗ്രസ് പ്രവർത്തകർ ആർ.എസ്.എസിന് മുന്നിൽ തലകുനിക്കില്ലെന്നും രാഹുൽ പറഞ്ഞു.
കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി സർക്കാർ ദീർഘകാലം തുടരില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പ്രതിപക്ഷ ഐക്യത്തെ തകർക്കാനും ദുർബലപ്പെടുത്താനും ഭരണപക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ മറികടന്ന് മുന്നോട്ട് പോകാൻ സഖ്യത്തിന് കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
സഖ്യകക്ഷികൾ കോൺഗ്രസിനെതിരെ ഉന്നയിക്കുന്ന വിമർശനങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കാൻ തങ്ങൾ തയാറാണെന്നും പ്രതിപക്ഷ ഐക്യം നിലനിർത്തുകയാണ് കോൺഗ്രസിന്റെ പ്രധാന ഉത്തരവാദിത്വമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പുകളിലെ വോട്ട് ചോർച്ചയും അട്ടിമറിയും സംബന്ധിച്ച് വിവിധ പ്രതിപക്ഷ നേതാക്കൾക്ക് വ്യത്യസ്തമായ നിലപാടുകളാണുള്ളതെങ്കിലും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വ്യാപകമായ ഇടപെടലുകൾ നടക്കുന്നുവെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണസംവിധാനങ്ങളിലെ വിവിധ ഘടകങ്ങൾ ഭരണകക്ഷിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രതിപക്ഷ നേതാക്കളുടെ അക്കൗണ്ടുകൾക്ക് നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നതായും തന്റെ യൂട്യൂബ് ചാനലിന്റെ വ്യാപ്തി പരിമിതപ്പെടുത്തപ്പെടുന്നുവെന്നും രാഹുൽ ആരോപിച്ചു. മാധ്യമങ്ങൾ, ഉദ്യോഗസ്ഥർ, അന്വേഷണ ഏജൻസികൾ എന്നിവ ഭരണപക്ഷത്തെ പിന്തുണയ്ക്കുന്നുവെന്ന വിമർശനവും അദ്ദേഹം ഉയർത്തി.
എന്നാൽ ജനങ്ങൾക്കിടയിൽ വളരുന്ന അസന്തോഷം കേന്ദ്ര സർക്കാരിന് വെല്ലുവിളിയാകുമെന്നും ഭയം ഉപേക്ഷിച്ച് എല്ലാവരും ഒന്നിച്ച് നിന്നാൽ ബി.ജെ.പിയെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ സാധിക്കുമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.














Leave a Reply