തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലറും കാപ്പാ കേസിലെ പ്രതിയുമായ ആർ. സുഗതനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ വിമർശനവുമായി മുൻ ഡി.ജി.പിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. സുഗതനെ പിടികൂടാൻ പൊലീസ് സ്വീകരിച്ച നടപടികൾ അതിരുകടന്നതാണെന്നും ഒരു കാപ്പാ പ്രതിയെ തീവ്രവാദിയെയോ അന്താരാഷ്ട്ര കുറ്റവാളിയെയോ പിടിക്കുന്ന രീതിയിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ജൂൺ 9-ന് രാത്രി സുഗതന്റെ വീടിന് സമീപം നടന്ന പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നാണ് ശ്രീലേഖയുടെ ആരോപണം. സുഗതൻ ഒരു ഗുണ്ടയല്ല, ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണെന്നും നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച വ്യക്തിയാണെന്നും അവർ പറഞ്ഞു.
വീട്ടിൽ കുറച്ച് ആളുകൾ മാത്രമുള്ള സാഹചര്യത്തിൽ വലിയ പൊലീസ് സന്നാഹവുമായി എത്തി കുടുംബാംഗങ്ങളെ ഭയപ്പെടുത്തുകയും സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ശ്രീലേഖയുടെ വിമർശനം. സംഭവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ആകാശത്തേക്ക് വെടിയുതിർന്ന നടപടിയെയും അവർ ചോദ്യം ചെയ്തു.
സുഗതനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ രാഷ്ട്രീയ പശ്ചാത്തലമുള്ളതാണെന്നും പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായി ഇടപെട്ടതിനാലാണ് അദ്ദേഹത്തിനെതിരെ നിരന്തരം കേസുകൾ എടുത്തതെന്നും ശ്രീലേഖ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ സുഗതനെ വിജയിപ്പിച്ചതും ഇതിന് തെളിവാണെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ആകാശത്തേക്ക് വെടിവെച്ച സംഭവത്തിൽ നടപടിക്രമ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് സമർപ്പിച്ച റിപ്പോർട്ട്. പൊലീസ് നടപടി പൂർണമായും നിയമാനുസൃതമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
ആറ് വധശ്രമക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ സുഗതൻ പ്രതിയാണെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റിനായി എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുഗതനെ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യവുമായി എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിലൂടെ ശ്രീലേഖ പൊലീസിന്റെ പ്രവർത്തനത്തെയും ഭരണകൂടത്തിന്റെ സമീപനത്തെയും രൂക്ഷമായി വിമർശിക്കുകയും സുഗതന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.















Leave a Reply