മെമ്മറി കാർഡ് ചോർച്ച: അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണവുമായി അതിജീവിത സമർപ്പിച്ച ഹർജിയിൽ നിർണായക നടപടിയുമായി ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡും പെൻഡ്രൈവുമടക്കമുള്ള രേഖകൾ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറാൻ നിർദേശം നൽകി.

ഇതിനായി ബന്ധപ്പെട്ട രേഖകൾ സീൽഡ് കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കണമെന്നാണ് വിചാരണ കോടതിക്ക് നൽകിയ നിർദേശം. കേസിലെ തെളിവുകളുടെ സുരക്ഷയും കൈകാര്യം ചെയ്ത രീതിയും സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി.

അതിജീവിത നൽകിയ ഹർജിയിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട കക്ഷികൾ ഒരു മാസത്തിനകം മറുപടി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. മറുപടി ലഭിച്ച ശേഷമാകും ഹർജിയിലെ തുടർവാദങ്ങളും നടപടികളും പരിഗണിക്കുക.

മെമ്മറി കാർഡ് ചോർന്നെന്ന ആരോപണം കേസിൽ നേരത്തേ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തിൽ വിശദമായ പരിശോധനയും നിയമനടപടികളും ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *