കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി മറ്റൊരു രാജ്യസഭാ എംപിയും രാജിവെച്ചു. പ്രകാശ് ചിക് ബരൈക്ക് രാജ്യസഭാംഗത്വം ഒഴിഞ്ഞതോടെ പാർട്ടിയിൽ നിന്ന് രാജിവെച്ച രാജ്യസഭാ അംഗങ്ങളുടെ എണ്ണം മൂന്നായി. നേരത്തെ സുഖേന്ദു ശേഖർ റോയും സുഷ്മിത ദേവും സ്ഥാനമൊഴിഞ്ഞിരുന്നു.
സുഷ്മിത ദേവ് രാജ്യസഭാംഗത്വത്തിനും പാർട്ടി അംഗത്വത്തിനും രാജിവെച്ചതിന് പിന്നാലെയാണ് പ്രകാശ് ചിക് ബരൈക്കിന്റെ നീക്കം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുഷ്മിത ദേവിന്റെ രാജി. അവർ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ശക്തമായി തുടരുകയാണ്.
പശ്ചിമ ബംഗാളിൽ അധികാരം നഷ്ടമായതിന് പിന്നാലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് കടുത്ത ആഭ്യന്തര പ്രതിസന്ധിയാണ് നേരിടുന്നത്. പാർട്ടിയുടെ 80 എംഎൽഎമാരിൽ 60 പേർ വിമതപക്ഷത്തോടൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയാണ് വിമതവിഭാഗത്തിന് നേതൃത്വം നൽകുന്നത്. അദ്ദേഹത്തെ സംസ്ഥാന പ്രതിപക്ഷ നേതാവായി ഗവർണർ അംഗീകരിച്ചതും തൃണമൂലിന് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.
ലോക്സഭാ അംഗങ്ങൾക്കിടയിലും അസ്വാരസ്യങ്ങൾ ശക്തമാണെന്നാണ് സൂചന. കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 20 എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. സായോനി ഘോഷ്, മാല റോയ്, യൂസഫ് പത്താൻ, ശത്രുഘ്നൻ സിൻഹ തുടങ്ങിയവർ വിമത ക്യാമ്പിനൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ. എൻഡിഎയ്ക്ക് പിന്തുണ അറിയിച്ച് ഇവർ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ പാർട്ടിയിലെ പ്രതിസന്ധികൾക്കിടെ മമത ബാനർജിയും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ദില്ലിയിൽ വിവിധ രാഷ്ട്രീയ കൂടിക്കാഴ്ചകൾ തുടരുകയാണ്. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ കോൺഗ്രസ്-തൃണമൂൽ ലയനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും അത്തരം സാധ്യതകളെ ഇരുപാർട്ടികളും തള്ളിക്കളഞ്ഞിട്ടുണ്ട്.















Leave a Reply