ദില്ലി: ഒമാൻ തീരത്ത് സഞ്ചരിച്ചിരുന്ന എംടി ജൽവീർ എന്ന ചരക്കുകപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഗിനിയ-ബിസൗയുടെ പതാകയുമായി സർവീസ് നടത്തുന്ന ‘എംടി ജൽവീർ’ എന്ന ബിറ്റുമിൻ/അസ്ഫാൽറ്റ് ടാങ്കറിലാണ് അപകടം സംഭവിച്ചത്. എഞ്ചിൻ റൂമിൽ തീപിടിച്ചതിനെ തുടർന്നാണ് കപ്പലിൽ നിന്ന് പുക ഉയർന്നതെന്നാണ് ലഭ്യമായ വിവരം.
ഒമാനിലെ സൊഹാർ തുറമുഖ നഗരത്തിന് വടക്കുകിഴക്കായി 21 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. ടാങ്കർ കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടായതായി ബ്രിട്ടീഷ് മാരിടൈം നിരീക്ഷണ ഏജൻസിയായ യുകെഎംടിഒ റിപ്പോർട്ട് ചെയ്തിരുന്നു. അപകടത്തെ തുടർന്ന് എണ്ണച്ചോർച്ചയോ മറ്റ് ഗുരുതര നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. സംഭവത്തെ ഇന്ത്യൻ എംബസി ഗൗരവമായി നിരീക്ഷിക്കുന്നതായും അറിയിച്ചു.
പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് ഈ ആഴ്ച ഒമാൻ തീരത്ത് മൂന്നാമത്തെ കപ്പൽ അപകടം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിന് മുമ്പ് നടന്ന മറ്റൊരു വിദേശ കപ്പൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
ഈ സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.















Leave a Reply