ഷിഗെല്ല വ്യാപനം; നെന്മേനി പഞ്ചായത്തിൽ ഒരാഴ്ച ആൾക്കൂട്ട നിയന്ത്രണം, ജില്ലാ കലക്ടറുടെ ഉത്തരവ്

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ആൾക്കൂട്ടങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവിറക്കി. പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും ബുധനാഴ്ച മുതൽ ഏഴ് ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

ഈ കാലയളവിൽ താൽക്കാലിക ചന്തകൾ, റാലികൾ തുടങ്ങിയ പരിപാടികൾ പരമാവധി ഒഴിവാക്കണം. പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും പരമാവധി ഒഴിവാക്കണമെന്നാണ് നിർദേശം.

വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കഴിയുന്നത്ര നിയന്ത്രിക്കണം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. കുടിവെള്ള ആവശ്യങ്ങൾക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ സ്വയം ചികിത്സയ്ക്ക് മുതിരാതെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തി വിദഗ്ധ ചികിത്സ തേടണമെന്നും അധികൃതർ നിർദേശിച്ചു.

നിലവിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി താലൂക്ക് ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കും. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ കർശന പരിശോധന നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യവിഭാഗത്തിനും നിർദേശം നൽകിയിട്ടുണ്ട്.

കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുന്നതിനും നടപടി സ്വീകരിക്കും. ആദിവാസി മേഖലകളിലെ പരിസര ശുചിത്വ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ട്രൈബൽ വകുപ്പ് പ്രത്യേക ഇടപെടൽ നടത്തും. നിയന്ത്രണങ്ങളും ആരോഗ്യ നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *