കൊല്ലം: കൊല്ലം ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഇവർ നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആയി തുടരുകയാണ്.
മലിനമായ വെള്ളത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ല രോഗത്തിന് കാരണമാകുന്നത്. ശക്തമായ പനി രോഗത്തിന്റെ തീവ്രത വർധിപ്പിക്കാം. വയറിളക്കം, വയറുവേദന, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗപ്രതിരോധത്തിനുള്ള പ്രധാന മുൻകരുതൽ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കൈകൾ ഇടയ്ക്കിടെ കഴുകുകയും വേണം. ഭക്ഷണ സാധനങ്ങൾ എപ്പോഴും മൂടിവെക്കാനും ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ടത്…
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുകയും ഭക്ഷണം മൂടിവെക്കുകയും ചെയ്യുക.
ഒരേ ഭക്ഷണം പലതവണ ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കാതിരിക്കുക.
രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ ഉപയോഗിക്കണം. കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നതും നിർബന്ധമാണ്.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.















Leave a Reply