കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സമസ്ത ഇ.കെ വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതം. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന മടിയുടെ കാരണം എന്താണെന്നാണ് മുഖപ്രസംഗത്തിലൂടെ സമസ്ത ചോദിക്കുന്നത്.
സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലും ധവളപത്രത്തിലും കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഒന്നും ഉൾപ്പെട്ടില്ലെന്ന് സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിനെതിരെ പരാമർശങ്ങൾ ഒഴിവാക്കുന്നതിൽ സർക്കാർ പ്രത്യേക ജാഗ്രത പുലർത്തിയതായി തോന്നുന്നുവെന്നും മുഖപ്രസംഗത്തിൽ അഭിപ്രായപ്പെടുന്നു.
സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക വിഹിതം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നിട്ടും നിയമസഭയിൽ മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് പരാമർശിക്കാതിരുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് ലേഖനം പറയുന്നു. ഗവർണറുടെ അധികാരപരമായ ഇടപെടലുകളെ ശക്തമായി എതിർക്കാത്തതും ചോദ്യം ചെയ്യപ്പെടുന്നു.
ജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്ന നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖപ്രസംഗത്തിൽ വിമർശനമുണ്ട്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ വ്യക്തതയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും സമസ്തയുടെ മുഖപത്രം ആരോപിക്കുന്നു.
അധികാരത്തിൽ എത്തിയാൽ പദ്ധതി റദ്ദാക്കുമെന്ന് മുൻപ് പ്രഖ്യാപിച്ചവർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പറയാനാകുമോ എന്നും ലേഖനം ചോദിക്കുന്നു. മുൻകാലങ്ങളിൽ ശക്തമായി എതിർത്ത പല വിഷയങ്ങളും ഇപ്പോൾ നടപ്പിലാക്കാൻ സർക്കാർ താത്പര്യം കാണിക്കുന്നുവെന്ന വിമർശനവും മുഖപ്രസംഗത്തിലുണ്ട്.














Leave a Reply