കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹെറോയിനുമായി യുവതി പിടിയിലായി. അസം സംസ്ഥാനത്തെ നാഗോൺ സ്വദേശിനിയായ ഷാഹിദ ഖാത്തൂൺ (25) ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇവരിൽനിന്ന് 1.3 ഗ്രാം ഹെറോയിൻ കണ്ടെത്തി.
ചെറിയ കുപ്പികളിലും സിപ് ലോക്ക് കവറുകളിലുമായി മയക്കുമരുന്ന് സൂക്ഷിച്ച നിലയിലായിരുന്നു. പെരുമ്പാവൂർ ടൗൺ മേഖലയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്. അസമിൽനിന്ന് എത്തിച്ച ഹെറോയിൻ ഒരു കുപ്പിക്ക് 1,000 രൂപ നിരക്കിൽ വിൽപന നടത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഷാഹിദയിൽനിന്ന് മയക്കുമരുന്ന് വാങ്ങിയവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൽ. അനിൽ കുമാർ, എസ്‌ഐ ജോജോ ജോർജ്, സിപിഒമാരായ ജയന്തി, സിബിൻ, മഞ്ജു, നിഷ, സന്ധ്യ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിസര പ്രദേശങ്ങളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.














Leave a Reply