’19 ആർഎസ്എസുകാർ സെനറ്റിൽ, എംജി സർവകലാശാല വിസിയും സംഘപരിവാർ അനുകൂലി’; യുഡിഎഫ് സർക്കാർ ആർഎസ്എസിന് കീഴടങ്ങിയെന്ന് പിണറായി

കോട്ടയം: രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഗുരുതര വെല്ലുവിളി നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കുകയാണെന്നും റെയിൽവേയും തപാൽ വകുപ്പും ഉൾപ്പെടെയുള്ള മേഖലകൾ പ്രതിസന്ധിയിലാണെന്നും അദ്ദേഹം ആരോപിച്ചു. ഈ മേഖലകളിൽ നിയമനങ്ങൾ തടയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ബിജെപിക്ക് ഗുണം ചെയ്യുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ അതിന് കോൺഗ്രസിന് സാധിക്കുന്നില്ലെന്നാണ് തന്റെ വിലയിരുത്തലെന്ന് പിണറായി പറഞ്ഞു. ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും തമിഴ്നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ അതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് മന്ത്രിസ്ഥാനം ലഭിച്ചതോടെ മുന്നണി മാറ്റാൻ പോലും കോൺഗ്രസ് മടിച്ചില്ലെന്നും അത് രാഷ്ട്രീയ വഞ്ചനയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഇടതുപക്ഷം അവിടെ രാഷ്ട്രീയ മര്യാദ പാലിച്ചുവെന്നും പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഉണ്ടായ ചില തീരുമാനങ്ങൾ മതനിരപേക്ഷ നിലപാടുകളിൽ നിന്നുള്ള വ്യതിചലനമാണെന്ന് പിണറായി ആരോപിച്ചു. മതനിരപേക്ഷതയിൽ ഉറച്ചുനിന്നിരുന്ന കേരളത്തിൽ ഇപ്പോൾ വ്യത്യസ്തമായ സമീപനമാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ചതിനെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇത് ആരെ തൃപ്തിപ്പെടുത്താനായിരുന്നുവെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

മഹാത്മാ ഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനവും അദ്ദേഹം വിമർശനവിധേയമാക്കി. ഗവർണർ ആർഎസ്എസ്-സംഘപരിവാർ താൽപര്യങ്ങൾ നടപ്പാക്കുകയാണെന്നും അതിനെതിരെ സർക്കാരിൽ നിന്ന് ശക്തമായ പ്രതികരണം ഉണ്ടായില്ലെന്നും പിണറായി പറഞ്ഞു. ഇതിന് മുൻ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ യുക്തിഹീനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർവകലാശാല സെനറ്റിൽ 19 പേർ ആർഎസ്എസുമായി ബന്ധപ്പെട്ടവരാണെന്ന് ആരോപിച്ച പിണറായി, ആർഎസ്എസ് നിലപാടുകൾക്ക് വഴങ്ങുന്ന ഗവർണറും അതിന് കീഴടങ്ങുന്ന സർക്കാരുമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും വിമർശിച്ചു. വിഷയത്തിൽ കൂടുതൽ ശക്തമായ വിമർശനം ഉന്നയിക്കാതിരുന്നതും തങ്ങളുടെ രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *