മനുഷ്യജീവന് പാരയാണെങ്കിൽ വന്യജീവികളെ കൊല്ലുന്നതിൽ തെറ്റില്ലെന്ന് എം.എം മണി

ഇടുക്കി: മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നേരിടണമെന്നും അവയെ കൊല്ലുന്നതിൽ തെറ്റില്ലെന്നും സി.പി.എം നേതാവും മുൻ​മന്ത്രിയുമായ എം.എം. മണി. മനുഷ്യജീവിതത്തിന് പാരയായി നിൽക്കുന്ന ഏത് മൃഗങ്ങളെയും നേരിടുകയല്ലാതെ മറ്റൊരു നിവർത്തിയില്ല. ഒരുവഴിയുമില്ലെങ്കിൽ അവയെ കൊന്നുകളയണമെന്നും അദ്ദേഹം സ്വകാ​ര്യ ചാനലിനോട് പറഞ്ഞു.

വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത വനംവകുപ്പിനെയും വകുപ്പുമന്ത്രി ഷിബു ബേബി ജോണിനെയും മണി വിമർശിക്കുകയും ചെയ്തു. പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വിഷയത്തിൽ ഒരു വിവരവുമില്ലെന്ന് കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിന് ‘ഒറ്റമൂലി’ ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു ഈ പരാമർശം.

ഹൈറേഞ്ച് മേഖലയിൽ തങ്ങൾ പണ്ട് മുതൽക്കേ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് മണിയുടെ ഈ പ്രതികരണം. മൂന്നുദിവസം മുമ്പ് ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെടുകയും ചെയ്തു.

അതേസമയം, വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്തപൂർണമായ സമീപനം സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. വന്യജീവി ആക്രമണ വിഷയം ഉന്നയിച്ചപ്പോൾ സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന ലാഘവപൂർണമായ മറുപടിയാണ് വനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.

രണ്ടാഴ്ചക്കുള്ളിൽ ആറു പേരുടെ ജീവനാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലാണ്. വയനാട് കാട്ടിക്കുളത്ത് രാജുവാണ് ബുധനാഴ്ച കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ, സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തുന്നതിനോ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോ ഒരു സംവിധാനവും ഉണ്ടായില്ല എന്ന വിമർശനമാണ് ഉയർന്നുവന്നിട്ടുള്ളത്.

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാസംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാൻ. തുടരേയുള്ള ആക്രമണങ്ങളും ജീവ നഷ്ടവും ഇതിന്റെ കൂടി തെളിവാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഇടപെടൽ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *