‘കൈ’കോർക്കും, പക്ഷേ ലയനമില്ല; അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ ഇരുപാർട്ടികളും നിഷേധിച്ചു. മമത ബാനർജിയും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ വ്യാപകമായത്. എന്നാൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് കോൺഗ്രസും തൃണമൂലും വ്യക്തമാക്കി.

ബുധനാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും നടത്തിയ കൂടിക്കാഴ്ചയും ഈ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പാർട്ടി ലയനവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് തൃണമൂൽ നേതൃത്വം അറിയിച്ചു.

സോണിയ ഗാന്ധിയും മമത ബാനർജിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രചരിച്ച ചില റിപ്പോർട്ടുകൾ തെറ്റാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് എക്സിലൂടെ വ്യക്തമാക്കി. ദീർഘകാലത്തെ വ്യക്തിബന്ധമുള്ള ഇരുവരും സൗഹൃദപരമായ അന്തരീക്ഷത്തിൽ കൂടിക്കാഴ്ച നടത്തിയതാണെന്നും വ്യക്തിപരമായ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലയന വാർത്തകൾ തള്ളിയെങ്കിലും 2029 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ സംയുക്തമായി പോരാടാനും ഇൻഡ്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ധാരണ ഇരുപാർട്ടികൾക്കും ഇടയിൽ നിലനിൽക്കുന്നു. ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി മുന്നണി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ടി.എം.സി ഔദ്യോഗികമായി അറിയിച്ചു.

ഇതിനിടെ, പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര അസ്വാരസ്യങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്. രാജ്യസഭാംഗം സുഷ്മിത ദേവ് ബുധനാഴ്ച പാർട്ടിയിൽ നിന്നും എം.പി സ്ഥാനത്തുനിന്നും രാജിവെച്ചത് പാർട്ടിക്ക് മറ്റൊരു തിരിച്ചടിയായി. ഇതിന് മുമ്പ് മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയും പാർട്ടി വിട്ടിരുന്നു.

സുഷ്മിത ദേവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി നടത്തിയ കൂടിക്കാഴ്ച അവർ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി. എന്നാൽ തന്റെ രാജി വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണെന്ന് സുഷ്മിത ദേവ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *