കോഴിക്കോട്: രാമനാട്ടുകര സ്വദേശിക്ക് നിപയെന്ന് ഔദ്യോഗിക സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോർട്ട്. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. ഇവരിൽ 58 പേർ ആരോഗ്യ പ്രവർത്തകരാണ്. 14 കുടുംബാംഗങ്ങളും പട്ടികയിലുണ്ട്. ഇവരിൽ 13 പേരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈ റിസ്ക് പട്ടികയിലുള്ളവർ ക്വാറന്റൈനിലാണ്.
അതേസമയം, നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല. റൂട്ട് മാപ്പ് പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തും. രോഗം പടരാതിരിക്കാനും നടപടികൾ സ്വീകരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തും. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രമേ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിക്കുകയുള്ളൂവെന്നും നിലവിൽ ആരും രോഗലക്ഷണം കാണിക്കുന്നില്ലെന്നും കോഴിക്കോട് കലക്ടർ അറിയിച്ചു.
ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. സമ്പർക്കപ്പട്ടികയിലുള്ളവരെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. ഇതിൽ രണ്ടുപേർ ഗുരുതര വിഭാഗത്തിലും 13 പേർ ഹൈ റിസ്ക് വിഭാഗത്തിലും 63 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് ഹോം ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യ വിഭാഗം നിർദേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രമായിരിക്കും വരുംദിവസങ്ങളിൽ പരിശോധന നടത്തുക. രോഗബാധിതന്റെ റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതിനെക്കുറിച്ച് രണ്ടുപ്രധാന സാധ്യതകളാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. രോഗി ജോലി ചെയ്തിരുന്ന ഗോഡൗണിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. വീട്ടുവളപ്പിൽ നിന്ന് സപ്പോട്ട പഴം കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വവ്വാലുകൾ കടിച്ചിട്ട പഴങ്ങളിൽ നിന്നാകാം വൈറസ് ബാധിച്ചതെന്ന നിഗമനത്തിനാണ് ആരോഗ്യവകുപ്പ്.
ഫറോക്ക് സ്വദേശിയായ രോഗി ഒരു ശുചീകരണ ജോലിക്കാരനാണ്. ഫറോക്കിലെ ഒരു പഴയ കെട്ടിടം വൃത്തിയാക്കാൻ പോയതായി വിവരമുണ്ട്. ഇതിനിടെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജ് വാങ്ങി മടങ്ങിയിരുന്നു. ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നതും നിപ സ്ഥിരീകരിക്കുന്നതും. നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത നിർദേശങ്ങൾ പാലിച്ചാൽ മതിയെന്നും ആരോഗ്യ വൃത്തങ്ങൾ വ്യക്തമാക്കി.














Leave a Reply