കോഴിക്കോട്: നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി പേ വാർഡ് മേഖലയിലും സമീപ പ്രദേശങ്ങളിലും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സാവിത്രി ദേവി സാബു ബ്ലോക്കിലേക്കുള്ള പ്രവേശന പാത പൂർണമായും അടച്ചിട്ടുണ്ട്. പ്രവേശന കവാടം അടച്ചതിനാൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ എല്ലാവരും അനുവദിച്ചിട്ടുള്ള മറ്റ് വഴികളിലൂടെ മാത്രമേ പ്രവേശിക്കാവൂ. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ ആശുപത്രിയുടെ പ്രധാന കവാടം വഴിയാണ് പുറത്തുപോകേണ്ടത്. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന മേഖലയിലേക്ക് അനാവശ്യമായി പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. ആശുപത്രിയിലെ ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു. സാവിത്രി ദേവി സാബു (SDS) ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിങ് അനുവദിക്കില്ല.
സമ്പർക്ക പട്ടിക വിപുലമാകാൻ സാധ്യത
ഫാറൂഖ് കോളജ്: നിപ ലക്ഷണങ്ങൾ കണ്ടെത്തിയ ഫാറൂഖ് കോളജ് സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ കൂടുതൽ ആളുകൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഒരാഴ്ചയിലേറെയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗി ആദ്യം ചുങ്കത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം രോഗിയെ സന്ദർശിച്ചവരും നിരീക്ഷണത്തിലാകേണ്ട സാഹചര്യമുണ്ട്. രോഗിയുമായി ബന്ധപ്പെട്ട രണ്ട് ആശുപത്രികളും തിരക്കേറിയ കേന്ദ്രങ്ങളായതിനാൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ബുധനാഴ്ച രാത്രി പുറത്തുവന്നത്. ഇതിന് പിന്നാലെ രോഗിയുടെ വീട്ടിലെ മറ്റ് അംഗങ്ങളെ ക്വാറന്റൈനിലാക്കി. പ്രദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.














Leave a Reply