കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു; 22 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി. ഫറോക്ക് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന വീട്ടുകാരും സമീപവാസികളും ഉൾപ്പെടെ 22 പേരെ ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി റാപ്പിഡ് റെസ്പോൺസ് ടീം (RRT) സജ്ജമാക്കിയിട്ടുണ്ട്.

തുടർനടപടികൾ വിലയിരുത്താൻ രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ അടിയന്തര യോഗം ചേർന്നു. സമ്പർക്കപ്പട്ടികയിലുള്ള 22 പേരിൽ ഒമ്പത് പേർ രോഗിയുടെ കുടുംബാംഗങ്ങളോ സമീപവാസികളോ ആണെന്നാണ് വിവരം. സംസ്ഥാന സർക്കാരിൽ നിന്ന് നിർദേശം ലഭിക്കുന്നതനുസരിച്ച് രോഗബാധിത മേഖലകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി മാറ്റുന്നതിനുള്ള നടപടികളും അധികൃതർ പരിഗണിക്കുന്നുണ്ട്.

മെഡിക്കൽ കോളേജിൽ നിയന്ത്രണം ശക്തമാക്കി

ഒരാഴ്ച മുമ്പ് കടുത്ത പനിയെത്തുടർന്നാണ് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നിപ ലക്ഷണങ്ങൾ പ്രകടമായതോടെയും ആരോഗ്യനില മോശമായതോടെയും നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗി പ്രത്യേക നിരീക്ഷണത്തിൽ ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ പേ വാർഡ് മേഖലയിലും സമീപ പ്രദേശങ്ങളിലും കർശന സന്ദർശക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ജീവനക്കാരും ആരോഗ്യപ്രവർത്തകരും പ്രത്യേക ജാഗ്രതയിലാണ്.

വവ്വാലുകളിലൂടെയോ പന്നികളിലൂടെയോ മനുഷ്യരിലേക്ക് പകരുന്ന ഗുരുതരമായ ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധിച്ച വവ്വാലുകളുടെ ഉമിനീർ അല്ലെങ്കിൽ മൂത്രം കലർന്ന ഭക്ഷണപദാർത്ഥങ്ങളിലൂടെയോ പാനീയങ്ങളിലൂടെയോ, അവ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയോ രോഗം പകരാൻ സാധ്യതയുണ്ട്.

പ്രധാന ലക്ഷണങ്ങൾ: കടുത്ത പനി, ശരീരവേദന, ശക്തമായ തലവേദന, ശ്വാസതടസ്സം, ഛർദ്ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ടത്: വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം സാധാരണയായി നാല് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവരും പരിചരിക്കുന്നവരും മാസ്ക്, ഗ്ലൗസ്, പിപിഇ കിറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *