സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; ജൂൺ 15ന് കെഎസ്ആർടിസി തടയുമെന്ന് മെൻസ് അസോസിയേഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് അനുവദിച്ച സൗജന്യ യാത്രാ പദ്ധതിക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത്. പദ്ധതി പ്രാബല്യത്തിൽ വരുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെഎസ്ആർടിസി ബസുകൾ തടയുമെന്നും സംഘടന പ്രഖ്യാപിച്ചു. കൂടാതെ ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും സംഘടനയുടെ ഭാരവാഹികൾ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അറിയിച്ചു.

പുരുഷന്മാർക്ക് പല മേഖലകളിലും നീതി ലഭിക്കുന്നില്ലെന്നാണ് സംഘടനയുടെ ആരോപണം. പുരുഷന്മാരും ഒരു വോട്ട് ബാങ്കാണെന്ന് ചൂണ്ടിക്കാട്ടിയ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ സൗജന്യ യാത്ര നൽകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ഉയർന്ന വരുമാനമുള്ളവർക്കും ഈ ആനുകൂല്യം നൽകുന്നതിന്റെ ആവശ്യകത എന്താണെന്നും ചോദിച്ചു.

പ്രിയദർശിനി പദ്ധതി

സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ജൂൺ 15ന് തുടക്കമാകും. വരുമാനപരിധിയോ പ്രായപരിധിയോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ആദ്യഘട്ടത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചിരുന്നു.

കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും വാർഷികമായി 750 മുതൽ 800 കോടി രൂപ വരെയും വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ. ഈ തുക സർക്കാർ പ്രത്യേക ധനസഹായമായി നൽകും.

നിലവിൽ ശമ്പളവും പെൻഷനും നൽകുന്നതിനായി അനുവദിക്കുന്ന വാർഷിക 1500 കോടി രൂപയ്ക്ക് പുറമേയായിരിക്കും ഈ അധിക സഹായം. അതേസമയം, വരുമാനം വർധിപ്പിക്കുന്നതിനായി കൂടുതൽ ബസുകൾ വാങ്ങുക, സർവീസുകൾ കൂട്ടുക, പരസ്യ വരുമാനം ഉയർത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് പദ്ധതിയുടെ രണ്ടാംഘട്ടം പരിഗണിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *