ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാനാകില്ല; ഇഡിക്ക് ഇമെയിൽ അയച്ച് വീണ, പുതിയ സമൻസ് നൽകും

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ പിണറായി വിജയന്റെ മകൾ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വീണ ഇഡിക്ക് ഇമെയിൽ അയച്ചു. ആവശ്യമായ രേഖകൾ ഇഡിക്ക് കൈമാറാൻ തയ്യാറാണെന്നും ഇമെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകർ ഹാജരായി രേഖകൾ സമർപ്പിക്കുമെന്നും വീണ ഇഡിയെ അറിയിച്ചു. ഇതോടെ വീണയ്ക്ക് പുതിയ തീയതി അനുവദിക്കുമെന്ന് ഇഡി അറിയിക്കുകയും പുതിയ സമൻസ് ഇന്ന് നൽകുമെന്നും വ്യക്തമാക്കുകയും ചെയ്തു.

കരിമണൽ കമ്പനിയിൽ നിന്ന് ലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് ഇഡി നിർദേശം നൽകിയിരുന്നത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി എസ്എഫ്ഐഒ കണ്ടെത്തിയ കേസിലെ കള്ളപ്പണ ഇടപാട് അന്വേഷണത്തിന്റെ ഭാഗമായാണ് വീണയെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നത്. 2016 മുതൽ 2021 വരെ കരിമണൽ കമ്പനിയിൽ നിന്ന് വീണയ്ക്ക് 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം രൂപ വായ്പയും ലഭിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ പ്രധാന വിഷയമെന്നും ഇഡി വ്യക്തമാക്കുന്നു.

നേരത്തെ 12 ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിച്ചിരുന്നു. ഇതിൽ ധനലക്ഷ്മി ബാങ്കിലെയും എച്ച്ഡിഎഫ്സി ബാങ്കിലെയും വീണയുടെ മൂന്ന് അക്കൗണ്ടുകളും ഉൾപ്പെട്ടിരുന്നു. ഈ അക്കൗണ്ടുകൾ വഴിയാണ് വീണയും കരിമണൽ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. എക്സാലോജിക്കും കരിമണൽ കമ്പനിയും തമ്മിലുള്ള മുഴുവൻ ഇടപാടുകളുടെയും രേഖകൾ അന്വേഷണത്തിനായി കൈമാറാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ രേഖകളുടെയും റെയ്ഡിനിടെ വീണ നൽകിയ പ്രാഥമിക മൊഴിയുടെയും അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. നിലവിലുള്ള തെളിവുകളും മുൻപ് നൽകിയ മൊഴിയും തമ്മിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *