മണലൂർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണം; ശശിധരൻ കർത്തയ്‌ക്കെതിരെ ഇഡിക്ക് പരാതി നൽകി കെപിസിസി സെക്രട്ടറി

തിരുവനന്തപുരം: കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ സിഎംആർഎൽ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.എൻ. ശശിധരൻ കർത്ത ഇടപെട്ടുവെന്ന ആരോപണവുമായി കെപിസിസി സെക്രട്ടറി രംഗത്ത്. വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ കൊച്ചിയിലെ ഇഡി അഡീഷണൽ ഡയറക്ടർക്ക് പരാതി നൽകി.

എക്സാലോജിക് സൊല്യൂഷൻസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം നേരിടുന്ന ശശിധരൻ കർത്ത, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. മണ്ഡലത്തിൽ വെറും 126 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശശിധരൻ കർത്തയുടെ അടുത്ത ബന്ധുവായ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് വിവിധ സാമുദായിക സംഘടനകളുടെ കേന്ദ്രങ്ങളിൽ ശശിധരൻ കർത്ത സ്വാധീനം ചെലുത്താൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ പ്രദേശത്ത് നിലനിൽക്കുന്നുണ്ടെന്ന് ശ്രീകുമാർ പറയുന്നു. ചില സാമൂഹിക സംഘടനകളെയും ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തെയും സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ആരോപണങ്ങളെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ശശിധരൻ കർത്തയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ സാമ്പത്തിക ഇടപാടുകളും ഫോൺ കോളുകളും മണലൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന ധനവിനിയോഗങ്ങളും വിശദമായി പരിശോധിക്കണമെന്നും ശ്രീകുമാർ ഇഡിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *