യു.എസ് ആക്രമണത്തിന് മറുപടി; ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഹുർമുസ് കടലിടുക്ക് അടച്ചു

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുന്നു. ഇറാനിൽ യു.എസ് സൈന്യം രണ്ടാം ദിവസവും നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ഇറാൻ വ്യാപക തിരിച്ചടി ആരംഭിച്ചു. ബഹ്റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളാണ് പ്രധാനമായും ലക്ഷ്യമാക്കിയത്. ഗൾഫ് മേഖലയിലുള്ള 18 അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് രണ്ട് ഘട്ടങ്ങളിലായി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ടുകൾ.

ഇതിനിടെ കപ്പലുകൾക്കെതിരെ അമേരിക്ക നടത്തിയ നടപടികൾക്ക് മറുപടിയായി ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹുർമുസ് കടലിടുക്ക് ഇറാൻ പൂർണമായി അടച്ചതായി പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകൾ ഉൾപ്പെടെ എല്ലാ വാണിജ്യ കപ്പലുകളുടെയും ഗതാഗതം നിർത്തിവെച്ചതായി ഇറാൻ സൈനിക നേതൃത്വം അറിയിച്ചു. ഹുർമുസ് വഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലക്ക് അവഗണിച്ച് യാത്ര തുടരാൻ ശ്രമിച്ച രണ്ട് വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഹുർമുസ് കടലിടുക്ക് അടച്ചെന്ന വാർത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നു. ഒരു ബാരലിന് രണ്ട് ഡോളറിലധികം വർധനയാണ് രേഖപ്പെടുത്തിയത്.

അതേസമയം, ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും നിരീക്ഷണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണം വിജയകരമായി പൂർത്തിയാക്കിയതായി യു.എസ് അറിയിച്ചു. ടെഹ്റാനിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ അകലെയുള്ള കേന്ദ്രങ്ങൾ ഉൾപ്പെടെ ലക്ഷ്യമാക്കി 49 ടോമാഹോക്ക് ക്രൂസ് മിസൈലുകൾ പ്രയോഗിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാറിൽ ഇറാൻ ഒപ്പുവെക്കാത്ത പക്ഷം അടുത്ത ദിവസവും ശക്തമായ ആക്രമണം തുടരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

എന്നാൽ അമേരിക്കയുമായി യാതൊരു തരത്തിലുള്ള ചർച്ചകൾക്കും തയ്യാറല്ലെന്നാണ് ഇറാന്റെ നിലപാട്. യു.എസ് അവകാശപ്പെടുന്ന ഫോൺ സംഭാഷണ വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇറാൻ പ്രതികരിച്ചു. അമേരിക്കയുടെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ സൈനിക വക്താക്കൾ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിലുടനീളം അമേരിക്കയും ഇറാനും തമ്മിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *