സൗജന്യ യാത്രാ പദ്ധതിയിൽ സാമ്പത്തിക ആശങ്ക; മുൻകൂർ തുക ആവശ്യപ്പെട്ട് കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്കായി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിക്കുന്നതിന് മുമ്പേ സാമ്പത്തിക തർക്കങ്ങൾ ഉയരുന്നു. പദ്ധതിക്കായി മുൻകൂർ തുക അനുവദിക്കില്ലെന്ന സർക്കാർ നിലപാടിനെതിരെ കെഎസ്ആർടിസി രംഗത്തെത്തി. പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ മുൻകൂർ സാമ്പത്തിക സഹായം അനിവാര്യമാണെന്നാണ് കോർപ്പറേഷന്റെ ആവശ്യം. അല്ലാത്തപക്ഷം നിലവിലുള്ള ഇന്ധന സബ്‌സിഡി സംവിധാനത്തെ ബാധിക്കുമെന്ന ആശങ്കയും കെഎസ്ആർടിസി മുന്നോട്ടുവെക്കുന്നു.

പദ്ധതിയുടെ ഭാഗമായി നൽകുന്ന സീറോ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഓരോ മാസാവസാനത്തിലും ചെലവായ തുക കെഎസ്ആർടിസിക്ക് കൈമാറാമെന്നാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ ഈ രീതി കോർപ്പറേഷന്റെ സാമ്പത്തിക പ്രവാഹത്തെ ബാധിക്കുമെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടുന്നു.

നിലവിൽ 45 ദിവസത്തെ ക്രെഡിറ്റ് സംവിധാനത്തിലൂടെ ലിറ്ററിന് 3 രൂപ 10 പൈസയുടെ ഇളവോടെയാണ് ഇന്ധന കമ്പനികൾ കെഎസ്ആർടിസിക്ക് ഇന്ധനം നൽകുന്നത്. പ്രിയദർശിനി പദ്ധതി നടപ്പാകുന്നതോടെ വരുമാനത്തിൽ കുറവ് സംഭവിക്കുമെന്നതിനാൽ ഈ ആനുകൂല്യം നഷ്ടപ്പെടുമോയെന്ന ആശങ്കയും കോർപ്പറേഷനുണ്ട്. അതിനാൽ മുൻകൂർ തുക അനുവദിക്കുകയോ അല്ലെങ്കിൽ ഓരോ ദിവസത്തെയും ടിക്കറ്റ് കണക്കിന്റെ അടിസ്ഥാനത്തിൽ തുക നൽകുകയോ വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. വിഷയത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് വിവരം.

ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രിയും പങ്കെടുക്കും

പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. തിങ്കളാഴ്ച തമ്പാനൂരിൽ നിന്ന് സെക്രട്ടറിയേറ്റിലേക്കുള്ള യാത്രയിലാണ് വി ഡി സതീശൻ പങ്കെടുക്കുക. തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് ഉദ്ഘാടന യാത്ര നിശ്ചയിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന ബസുകളിൽ പ്രത്യേക സ്റ്റിക്കർ പതിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായാണ് ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കുന്നത്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയും ആദ്യഘട്ടത്തിൽ സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും വാർഷികമായി 750 മുതൽ 800 കോടി രൂപ വരെയും വരുമാനക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *