കൗൺസിലർ സുഗതന്‍റെ അറസ്റ്റ്; 7 ക്രിമിനൽ കേസുകളിലെ പ്രതിയെ സ്ഥാനാർഥിയാക്കിയതെങ്ങനെ, മേയറുടെ വാദം ചോദ്യം ചെയ്ത് രേഖകൾ

തിരുവനന്തപുരം: കൗൺസിലർ ആർ. സുഗതൻ കാപ്പാ കേസിൽ പ്രതിയാണെന്ന വിവരം പൊലീസ് അറിയിച്ചിരുന്നില്ലെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ വാദത്തെ ചോദ്യം ചെയ്യുന്ന രേഖകൾ പുറത്തുവന്നു. 2023ലും 2025ലും സുഗതനെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മൂന്നാം തവണ കാപ്പ ചുമത്തി ഉത്തരവിറക്കിയത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു. കാപ്പ ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയായിരിക്കെയാണ് വാഴോട്ടുകോണത്ത് ബിജെപി സുഗതനെ സ്ഥാനാർഥിയാക്കിയത്.

സുഗതൻ കാപ്പാ കേസിൽ പ്രതിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്ന മേയറുടെ വാദത്തെ തള്ളുന്നതാണ് പുറത്തുവന്ന പൊലീസ് രേഖകൾ. 2023ലാണ് സുഗതനെതിരെ ആദ്യമായി കാപ്പ ചുമത്തിയത്. കാപ്പ നിയമപ്രകാരം കുറ്റത്തിന്റെ സ്വഭാവം കണക്കിലെടുത്ത് തടങ്കലിലാക്കുകയോ നാടുകടത്തുകയോ അല്ലെങ്കിൽ നിശ്ചിത കാലയളവിൽ സ്റ്റേഷനിൽ ഹാജരായി ഒപ്പിടാൻ നിർദേശിക്കുകയോ ചെയ്യാം. ആദ്യ കേസിൽ ആറുമാസം സ്റ്റേഷനിൽ ഹാജരായി ഒപ്പിടാനായിരുന്നു നിർദേശം. 2025ൽ വീണ്ടും കാപ്പ ചുമത്തുകയും ചെയ്തു. നാല് മാസം ഒപ്പിട്ടതിന് ശേഷം ബാക്കിയുള്ള കാലയളവിൽ ഇളവ് ലഭിച്ചു. ഇതിനിടെയാണ് 2019 മുതൽ 2026 വരെയുള്ള കാലയളവിൽ മൂന്ന് വധശ്രമക്കേസുകൾ ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിൽ സുഗതൻ പ്രതിയായത്.

കേസുകളുടെ ചുരുക്കം

2019 ഓഗസ്റ്റ് 25-ന് കല്ലുകൊണ്ട് ഒരാളെ ആക്രമിച്ച കേസിൽ മനഃപൂർവമല്ലാത്ത നരഹത്യാശ്രമക്കുറ്റം ചുമത്തി.

2023 ജൂലൈ 20-ന് വീട്ടിൽ അതിക്രമിച്ച് കയറി വീടും വാഹനങ്ങളും തകർത്ത കേസിൽ പ്രതിയായി.

2023 ജൂലൈ 17-ന് വ്യക്തിപരമായ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച കേസും രജിസ്റ്റർ ചെയ്തു.

2025 മാർച്ച് 14-ന് ബിസിനസ് തർക്കവുമായി ബന്ധപ്പെട്ട ആക്രമണക്കേസിൽ മനഃപൂർവമല്ലാത്ത നരഹത്യാശ്രമക്കുറ്റം ചുമത്തി.

2025 ജൂലൈ 25-ന് ഒരു ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന കേസിലും പ്രതിയായി.

2026 ഫെബ്രുവരി 2-ന് അന്നത്തെ എംഎൽഎ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടനച്ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസും രജിസ്റ്റർ ചെയ്തു.

ഈ കേസുകൾ നിലനിൽക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി സ്ഥാനാർഥിയാക്കിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ച് കൗൺസിലറായെങ്കിലും ഏതാനും മാസങ്ങൾക്കകം ഇപ്പോഴത്തെ അറസ്റ്റിലേക്ക് നയിച്ച വധശ്രമക്കേസ് ഉണ്ടായി. വെള്ളയ്ക്കാട് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കത്തിനൊടുവിൽ ആളുമാറി ഒരു യുവാവിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദിച്ചെന്ന പരാതിയിലായിരുന്നു കേസ്.

കേസെടുത്തതിന് പിന്നാലെ സുഗതൻ ആദ്യം സെഷൻസ് കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ച് മുൻകൂർ ജാമ്യം തേടിയെങ്കിലും ഹൈക്കോടതി അപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഏഴിന് പൊലീസിന് മുന്നിൽ കീഴടങ്ങാൻ നിർദേശം നൽകിയെങ്കിലും അദ്ദേഹം ഹാജരായില്ല. പിന്നാലെ ഒളിവിൽ പോയ സുഗതനെതിരെ മൂന്നാം തവണ കാപ്പ ചുമത്താൻ പൊലീസ് ജില്ലാ കളക്ടർക്ക് ശുപാർശ നൽകി. നടപടികൾ പൂർത്തിയാക്കി കരുതൽ തടങ്കലിൽ വയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.

ഇതിനിടെ ഒളിവിൽ കഴിഞ്ഞിരുന്ന സുഗതൻ വീട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വീട് വളഞ്ഞു. അറസ്റ്റിനിടെ പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് ഉണ്ടായ സംഘർഷത്തിനിടെയാണ് സി.ഐ ആകാശത്തേക്ക് വെടിയുതിർത്തെന്നും പൊലീസ് വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *