’12 വർഷത്തെ ഭരണം പ്രചാരണങ്ങളിൽ ഒതുങ്ങി’; മോദി സർക്കാരിനെതിരെ ഖാർഗെ

ദില്ലി: ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. ചരിത്രത്തെ വളച്ചൊടിക്കുകയോ വികലമാക്കുകയോ ചെയ്താലും സത്യം ഇല്ലാതാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിന് അപ്പുറം കാര്യമായ നേട്ടങ്ങളൊന്നും കൈവരിച്ചിട്ടില്ലെന്നും ഖാർഗെ ആരോപിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദവിയിൽ ഇരുന്ന നേതാവെന്ന നരേന്ദ്ര മോദിയുടെ റെക്കോർഡ് ബിജെപി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണെന്ന് മല്ലികാർജുന ഖാർഗെ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചതും നെഹ്റുവാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം ഇന്ദിരാ ഗാന്ധിയാണ് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത്. സ്വതന്ത്ര ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകൾക്ക് ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി ആയിരുന്നത് ആരാണെന്ന് തെളിയിക്കാൻ ബിജെപി ഇപ്പോൾ പുതിയ വിഭാഗം കണ്ടെത്തേണ്ടിവന്നിരിക്കുകയാണെന്നും ഖാർഗെ പരിഹസിച്ചു.

“സർദാർ വല്ലഭായ് പട്ടേൽ ആരുടെ മന്ത്രിസഭയിലാണ് ഉപപ്രധാനമന്ത്രിയായിരുന്നത്? ഡോ. ബി.ആർ. അംബേദ്കർ ആരുടെ മന്ത്രിസഭയിലാണ് നിയമമന്ത്രിയായിരുന്നത്? ഡോ. ശ്യാമ പ്രസാദ് മുഖർജി ആരുടെ മന്ത്രിസഭയിലാണ് മന്ത്രിയായി പ്രവർത്തിച്ചിരുന്നത്?” – ഖാർഗെ ചോദിച്ചു.

കഴിഞ്ഞ 12 വർഷങ്ങളിൽ മോദി സർക്കാർ മുദ്രാവാക്യങ്ങൾ ഉയർത്തിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഖാർഗെയുടെ ആരോപണം. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ പ്രശ്നങ്ങളിൽ ജനങ്ങളെ കുടുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ പ്രചാരണങ്ങളും പരാജയങ്ങളും ജനങ്ങളോടുള്ള വഞ്ചനയും മാത്രമാണ് ഉണ്ടായതെന്നും ഖാർഗെ വിമർശിച്ചു. ഇപ്പോൾ സർക്കാരിന് നേട്ടങ്ങളുടെ പേരിൽ പറയാനുള്ളത് ഇവന്റ് മാനേജ്‌മെന്റും കെട്ടിച്ചമച്ച കഥകളും മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *