പാലാ: നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കണ്ടം നൽകിയ മോഷണപരാതിയെ ചൊല്ലി നഗരസഭയിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്നാരോപിച്ചാണ് ദിയ പൊലീസിൽ പരാതി നൽകിയത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജു മാത്യൂസ് പ്രതികരിച്ചു.
പാലാ നഗരസഭയിൽ മുമ്പ് എയർപോഡ് കാണാതായ സംഭവം വലിയ വിവാദമായിരുന്നു. അന്ന് ആരോപണവിധേയനായത് ബിനു പുളിക്കണ്ടമായിരുന്നു. ഇപ്പോൾ സമാനമായ മറ്റൊരു ആരോപണം ഉയരുമ്പോൾ പരാതിക്കാരിയായി രംഗത്തുള്ളത് അദ്ദേഹത്തിന്റെ മകളും നഗരസഭാ അധ്യക്ഷയുമായ ദിയ ബിനു പുളിക്കണ്ടമാണ്. യുഡിഎഫ് പിന്തുണയോടെ അധ്യക്ഷയായ സ്വതന്ത്ര അംഗം ദിയ, കോൺഗ്രസ് കൗൺസിലർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലും തന്റെ വാച്ചും കാണാതായെന്നാണ് പരാതിയിൽ പറയുന്നത്. കൗൺസിലർ ബിജു മാത്യൂസ് കഴിഞ്ഞ ദിവസം അധ്യക്ഷയുടെ ഓഫീസിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഇവ കാണാതായതെന്നാണ് ദിയയുടെ ആരോപണം.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച ബിനു പുളിക്കണ്ടം, അവിശ്വാസ പ്രമേയത്തിന് സാഹചര്യം സൃഷ്ടിക്കില്ലെന്ന് വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ ദിയ പദവി രാജിവെക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.














Leave a Reply