സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യ ബസുകൾക്ക് തിരിച്ചടിയാകും; സർക്കാർ സഹായമില്ലെങ്കിൽ 19ന് ശേഷം സമരമെന്ന് ബസ് ഉടമകൾ

തൃശൂർ: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കുന്ന സൗജന്യയാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. സ്വകാര്യ ബസുകൾക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മേഖലയെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. സർക്കാർ പിന്തുണ ലഭിക്കാത്ത പക്ഷം ജൂൺ 19ന് ശേഷം സമരത്തിലേക്ക് കടക്കുമെന്നും ടി. ഗോപിനാഥ് അറിയിച്ചു.

കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച ആശങ്കകൾ നേരത്തേ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ സ്വകാര്യ ബസുകൾ ഒഴിവാക്കി കെ.എസ്.ആർ.ടി.സി സേവനങ്ങളിലേക്ക് മാറിയാൽ സ്വകാര്യ ബസ് മേഖലയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നാണ് വിലയിരുത്തൽ. ഏകദേശം 5000 കോടി രൂപയുടെ നിക്ഷേപമുള്ള മേഖലയാണ് ഇത്. സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് സർക്കാർ പറയുന്ന സാഹചര്യത്തിൽ ബജറ്റിൽ ആവശ്യമായ സഹായം ലഭിക്കാത്ത പക്ഷം സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും സംഘടന വ്യക്തമാക്കി.

ജൂൺ 15 മുതലാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി പ്രാബല്യത്തിൽ വരുന്നത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. സൗജന്യയാത്ര ലഭ്യമാകുന്ന ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ബസുകളുടെ ഡോറുകളിലാകും സ്റ്റിക്കർ പതിക്കുക. ഇതിലൂടെ പദ്ധതിയിൽ ഉൾപ്പെട്ട ബസുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. പദ്ധതിയുടെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ ബസിൽ യാത്ര ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം വനിതാ മന്ത്രിമാരും പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിമാസം ഏകദേശം 70 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൗജന്യയാത്ര നടപ്പാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിവർഷം 750 മുതൽ 800 കോടി രൂപ വരെ വരുമാനക്കുറവ് നേരിടേണ്ടിവരുമെന്നാണ് കണക്ക്. ഈ നഷ്ടം സർക്കാർ തന്നെ നികത്തുമെന്നും നിലവിൽ ശമ്പളത്തിനും പെൻഷനും വേണ്ടി അനുവദിക്കുന്ന 1500 കോടി രൂപയ്ക്ക് പുറമേയായിരിക്കും ഈ സഹായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *