നവകേരള യാത്രാ ആക്രമണക്കേസ്; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ചോദ്യം ചെയ്യലിന് ഹാജരായി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദനത്തിനിരയായെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരായി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന അനിൽ കല്ലിയൂർ, സുരക്ഷാസംഘത്തിലെ അംഗങ്ങളായ എസ്. സന്ദീപ്, ആർ. അരുണ്‍, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് ചോദ്യം ചെയ്യലിനായി എത്തിയത്.

താൻ വേട്ടയാടപ്പെട്ടുവെന്നാണ് അനിൽ കല്ലിയൂരിന്റെ പ്രതികരണം. വിഷയത്തിൽ അന്തിമ തീരുമാനം കോടതി എടുക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ പ്രതികളായ ഇവർക്ക് കഴിഞ്ഞ ദിവസം ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു കോടതി നിർദേശം. രാവിലെ 10 മുതൽ വൈകീട്ട് 4 മണിവരെ പ്രതികളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന് അനുമതിയുള്ളത്.

ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ജാമ്യത്തിലുമായി വിട്ടയക്കണമെന്നാണ് കോടതി നിശ്ചയിച്ചിട്ടുള്ള ജാമ്യവ്യവസ്ഥ. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ അടുത്ത രണ്ട് ദിവസങ്ങളിലും തുടരുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *