ജോലിഭാര മാറ്റത്തിന് പിന്നാലെ 161 എയ്ഡഡ് കോളജുകളിൽ 1514 അധ്യാപക തസ്തികകൾ നഷ്ടമായി

തിരുവനന്തപുരം: അധ്യാപകരുടെ ജോലിഭാരം വർധിപ്പിക്കുകയും പി.ജി ക്ലാസുകൾക്കുള്ള വെയ്റ്റേജ് ഒഴിവാക്കുകയും ചെയ്തുകൊണ്ട് 2020ൽ പുറത്തിറക്കിയ ഉത്തരവിന്റെ ഭാഗമായി സംസ്ഥാനത്തെ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 1514 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ ഇല്ലാതായതായി കണക്കുകൾ വ്യക്തമാക്കുന്നു.

കോളജ് തലത്തിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ കോളജ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പട്ടിക അടുത്തിടെ പ്രസിദ്ധീകരിച്ചതോടെയാണ് അധ്യാപക തസ്തികകളിൽ ഉണ്ടായ വൻ കുറവിന്റെ ചിത്രം പുറത്തുവന്നത്. 161 ആർട്സ് ആൻഡ് സയൻസ് കോളജുകളിലായാണ് ഇത്രയും തസ്തികകൾ നഷ്ടമായത്. എല്ലാ അധ്യാപക തസ്തികകൾക്കും ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കുകയും, ഒരു മണിക്കൂർ പി.ജി അധ്യാപനം ഒന്നര മണിക്കൂർ ജോലിഭാരമായി കണക്കാക്കുന്ന രീതി റദ്ദാക്കുകയും ചെയ്താണ് 2020ൽ ഉത്തരവിറക്കിയത്. ഇതോടെ എയ്ഡഡ് കോളജുകളിലെ നിരവധി അധ്യാപക തസ്തികകൾ അധികമാണെന്ന് സർക്കാർ കണ്ടെത്തുകയും പി.എസ്.സി റാങ്ക് പട്ടികകളിൽ നിന്നുള്ള നിയമനങ്ങൾ തടയപ്പെടുകയും ചെയ്തു. ചില റാങ്ക് പട്ടികകളിൽ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. സർക്കാർ കോളജുകളിൽ വിരമിക്കൽ മൂലം ഒഴിവുവന്ന 380 അധ്യാപക തസ്തികകളും അധികമാണെന്ന് കണ്ടെത്തി നിയമനം നടത്താതെ റദ്ദാക്കിയിരുന്നു.

തുടർന്നാണ് കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റുകൾക്ക് കീഴിലുള്ള കോളജുകളിലെ ജോലിഭാരം വിലയിരുത്തി തസ്തികകളുടെ എണ്ണം കോളജ് വിദ്യാഭ്യാസ വകുപ്പ് കണക്കാക്കിയത്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിന് കീഴിലുള്ള എയ്ഡഡ് കോളജുകളിൽ 289, തൃശൂരിൽ 383, എറണാകുളത്ത് 336, കോട്ടയത്ത് 383, കൊല്ലത്ത് 245 എന്നിങ്ങനെ തസ്തികകളാണ് അധികമാണെന്ന് കണ്ടെത്തിയത്. 161 എയ്ഡഡ് കോളജുകളിലായി ആദ്യം അനുവദിച്ചിരുന്നത് 8290 അധ്യാപക തസ്തികകളായിരുന്നു. ജോലിഭാരത്തിൽ വരുത്തിയ മാറ്റത്തെ തുടർന്ന് ഇത് 6799 ആയി കുറഞ്ഞു. ജോലിഭാരത്തിൽ മാറ്റം വരുത്തിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നും പി.ജി വെയ്റ്റേജ് പുനഃസ്ഥാപിക്കണമെന്നും സർക്കാർ നിയോഗിച്ച സമിതി ശുപാർശ സമർപ്പിച്ചിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *