കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്കുള്ള വകുപ്പ് വിഭജനം മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ സ്വപൻദാസ് ഗുപ്തയ്ക്ക് ധനവകുപ്പ് ലഭിച്ചു. തപസ് റോയിക്ക് വ്യവസായ വകുപ്പും, ശരദ്‍വാത് മുഖർജിക്ക് ആരോഗ്യ വകുപ്പും, ദുദ് കുമാർ മൊണ്ഡലിന് കൃഷി വകുപ്പും നൽകി. മാധ്യമപ്രവർത്തകൻ കൂടിയായ ജഗന്നാഥ് ചത്തോപാധ്യായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായും ദീപക് ബർമൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായും പ്രവർത്തിക്കും.
ടൂറിസം, പാർലമെന്ററികാര്യ വകുപ്പുകളുടെ ചുമതല ശങ്കർ ഘോഷിനാണ്. അർജുൻ സിങ്ങിന് തൊഴിൽ, ഗതാഗത വകുപ്പുകൾ ലഭിച്ചു. സഹമന്ത്രിയായ ഇന്ദ്രനിൽ ഖാൻ കായികം, യുവജനക്ഷേമം, വാണിജ്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. മറ്റൊരു സഹമന്ത്രിയായ മാലതി റവ റോയ് വനിതാ-ശിശു വികസന വകുപ്പുകളുടെ ചുമതല വഹിക്കും.
ജൂൺ ഒന്നിനാണ് പശ്ചിമ ബംഗാളിൽ 35 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ അംഗസംഖ്യ 41 ആയി. മെയ് ഒൻപതിന് സുവേന്ദു അധികാരിയോടൊപ്പം അഞ്ച് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയുൾപ്പെടെ 19 ക്യാബിനറ്റ് മന്ത്രിമാർ മന്ത്രിസഭയിലുണ്ട്. കൂടാതെ സ്വതന്ത്ര ചുമതലയുള്ള മൂന്ന് സഹമന്ത്രിമാരും 19 സഹമന്ത്രിമാരും മന്ത്രിസഭയുടെ ഭാഗമാണ്.
ആഭ്യന്തരം, ഭൂപരിഷ്കരണം, ദുരിതാശ്വാസം, ഊർജം തുടങ്ങിയ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ കൈവശമാണ്. മുതിർന്ന നേതാവും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ ദിലിപ് ഘോഷ് പഞ്ചായത്ത്, ഗ്രാമവികസനം, കൃഷി വിപണനം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്നു. 15 വർഷം നീണ്ട തൃണമൂൽ കോൺഗ്രസ് ഭരണത്തിന് വിരാമമിട്ടാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ ബംഗാളിൽ അധികാരത്തിലെത്തിയത്.















Leave a Reply