‘ഇതല്ലേ നേരത്തെ പറഞ്ഞത്’; നേതൃത്വത്തെ വീണ്ടും ചോദ്യം ചെയ്ത് വി. കുഞ്ഞികൃഷ്ണൻ

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ നടത്തിയ വാർത്തസമ്മേളനത്തിലെ പല പരാമർശങ്ങളോടും തനിക്ക് വിമർശനപരമായ നിലപാടാണുള്ളതെന്ന് പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ. ജനങ്ങളിൽനിന്നുള്ള അഭിപ്രായം അറിയാൻ പാർട്ടി തയാറെടുത്തു കഴിഞ്ഞു എന്ന മാഷിന്റെ പ്രസ്താവന, താൻ നേരത്തെ ഉയർത്തിയ “അണികൾ നേതൃത്വത്തെ തിരുത്തണം” എന്ന ആഹ്വാനത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സത്യസന്ധമായ വിമർശനവും സ്വയം വിമർശനവുമാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്റെ അടിസ്ഥാനം. പ്രസ്ഥാനത്തിന് ജനങ്ങളിൽനിന്ന് പ്രഹരമേൽക്കുമ്പോൾ മാത്രം തിരിച്ചറിയേണ്ട ഒന്നല്ല അത്. മറിച്ച് നിരന്തരമായി പാർട്ടിക്കകത്ത് നടക്കേണ്ടുന്ന ആരോഗ്യകരമായ ചർച്ചയിലൂടെ വളരെ സ്വാഭാവികമായി തന്നെ അണികളും നേതൃത്വവും മനസ്സിലാക്കേണ്ടുന്ന ഒന്നാണത്. താൻ നേരത്തെ ഉയർത്തിയ “അണികൾ നേതൃത്വത്തെ തിരുത്തണം” എന്ന ആഹ്വാനത്തോട് ചേർന്ന് നിൽക്കുന്നതാണ് ഗോവിന്ദൻ മാഷിന്‍റെ പ്രസ്താവന. അതിനെ തങ്ങളുടെ പോരാട്ട വിജയമായി തന്നെ കാണുന്നു. അഥവാ, തങ്ങൾ നേരത്തെ പറഞ്ഞതിനെ പാർട്ടിക്ക് ഇപ്പോൾ അംഗീകരിക്കേണ്ടി വന്നു എന്ന് തന്നെ കരുതുന്നു. “തിരുത്താൻ നേതൃത്വം തയാറാകുമോ” എന്നതാണ് അന്നും ഇന്നും ബാക്കി നിൽക്കുന്ന ചോദ്യമെന്നും കൃഞ്ഞികൃഷ്ണൻ കുറിപ്പിൽ ചോദിക്കുന്നു.

”ആരോപണ വിധേയനായ അഴിമതിക്കാരൻ അല്ലായിരുന്നു പയ്യന്നൂരിൽനിന്ന് ജനവിധി തേടിയിരുന്നതെങ്കിൽ താൻ ഒരിക്കലും മത്സര രംഗത്ത് ഉണ്ടാവുമായിരുന്നില്ല! ഒരു കമ്യൂണിസ്റ്റുകാരന് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം രക്തസാക്ഷി ഫണ്ടിൽ നിന്നടക്കം മൂന്ന് ഫണ്ടുകളിൽ നിന്ന് പണം അഴിമതി നടത്തിയതായി ആരോപണം നേരിടുന്ന ഒരാളെ വീണ്ടും പയ്യന്നൂരിൽനിന്ന് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത് കൊണ്ട് മാത്രമാണ് താൻ ഈ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതും ജനം പാർട്ടിക്ക് എതിരെ വിധി എഴുതിയതും!” -കുറിപ്പിൽ പറയുന്നു.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥിനിർണയത്തിൽ തെറ്റുപറ്റിയെന്നും ഇക്കാര്യം കണ്ണൂർ ജില്ല കമ്മിറ്റി സമ്മതിച്ചെന്നും എം.വി. ഗോവിന്ദൻ ഇന്നലെ വാർത്തസമ്മേളനത്തിൽ തുറന്നുപറഞ്ഞിരുന്നു. സ്ഥാനാർഥിനിർണയം നടത്തിയത് കണ്ണൂർ ജില്ല കമ്മിറ്റിയാണ്. അതിനെ അംഗീകരിക്കുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്. അതിന്റെ ഉത്തരവാദിത്തം സംഘടനക്കാണ്. അതിന്‍റെ ഭാഗമായാണ് ജില്ല സെക്രട്ടറിയെറ്റും സംസ്ഥാന സെക്രട്ടറിയെറ്റും സംസ്ഥാന കമ്മിറ്റി വിമർശിച്ചതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *