തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയ് എം.എൽ.എ വീണ്ടും ചുമതലയേൽക്കാൻ സാധ്യതയേറുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ സ്ഥാനാർഥിയായതിനെ തുടർന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്ന അദ്ദേഹം, പിന്നീട് ആ ചുമതല എ.എ. റഹീമിന് കൈമാറിയിരുന്നു. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതോടെ മുഴുവൻ സമയ ജില്ലാ സെക്രട്ടറിയെ കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടി നേതൃത്വം ആരംഭിച്ചിരുന്നു.
ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ജില്ലാ കമ്മിറ്റിയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ചേർന്നത്. ഈ യോഗത്തിലാണ് വി. ജോയിയെ വീണ്ടും ജില്ലാ സെക്രട്ടറിയാക്കുന്നതുമായി ബന്ധപ്പെട്ട ധാരണയിലെത്തിയതെന്നാണ് വിവരം. ബുധനാഴ്ച നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വം അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി നിർദേശിക്കുമെന്നാണ് സൂചന.
പാർട്ടി സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറിയെന്ന നിലയിലാണ് വി. ജോയിക്ക് പിന്തുണ ലഭിക്കുന്നത്. അതേസമയം, എം.എൽ.എയായ ഒരാളെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന നിലപാട് ഒരു വിഭാഗം നേതാക്കൾ ശക്തമായി മുന്നോട്ടുവച്ചിരുന്നു.
ജില്ലാ സെക്രട്ടറിയായി പുതിയ ഒരാളെ തിരഞ്ഞെടുക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. ഇതിനിടെ നിരവധി മുതിർന്ന നേതാക്കളുടെ പേരുകളും ചർച്ചകളിൽ ഉയർന്നു. വി. ജോയിക്ക് ടേം വ്യവസ്ഥകളിൽ ഇളവ് അനുവദിച്ച് വീണ്ടും വർക്കലയിൽ സ്ഥാനാർഥിയാക്കിയതിനെതിരെ നേരത്തെ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഒരാൾ തന്നെ നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിക്കുന്നത് ശരിയാണോയെന്നും മറ്റ് നേതാക്കൾ ഇല്ലേയെന്നും ചർച്ചയിൽ ചോദ്യം ഉയർന്നിരുന്നു.
എം.എൽ.എയായിരിക്കെയാണ് വി. ജോയ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതിനിടെ ജില്ലാ സെക്രട്ടറിയുടെ ചുമതല മറ്റൊരാൾക്ക് കൈമാറുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ആ ചുമതല ഏറ്റെടുത്ത സാഹചര്യമാണ് നിലവിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏരിയ സെക്രട്ടറിമാരും ലോക്കൽ സെക്രട്ടറിമാരും മത്സരിക്കുമ്പോൾ അവർ സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നായിരുന്നു പാർട്ടിയുടെ പൊതുനയം. എന്നാൽ വർക്കല സീറ്റ് നിലനിർത്താൻ വി. ജോയിയുടെ സാന്നിധ്യം അനിവാര്യമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് സംസ്ഥാന നേതൃത്വം അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
എ.എ. റഹീമിന് താൽക്കാലികമായി ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയത് സംഘടനാപരമായി അപൂർവമായ നടപടിയായിരുന്നു. ജില്ലാ കമ്മിറ്റിയിലെ അംഗമല്ലാതിരുന്ന റഹീമിനെ ആദ്യം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ശേഷമാണ് സെക്രട്ടറിയുടെ ചുമതല ഏൽപ്പിച്ചത്. സി.പി.എം സംഘടനാ ചരിത്രത്തിൽ അപൂർവമായി മാത്രം കാണുന്ന നടപടികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.














Leave a Reply