തീരുമാനം വൈകിയാൽ വലിയ വില നൽകേണ്ടിവരും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ടെഹ്റാനിൽ ഖത്തർ നയതന്ത്ര സംഘം

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സമാധാന ചർച്ചകളിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് ആരോപിച്ച് ഇറാനെതിരെ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകളിൽ തീരുമാനം എടുക്കുന്നത് വീണ്ടും നീണ്ടുപോയാൽ അതിന് ഇറാൻ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനിടെ അമേരിക്ക-ഇറാൻ ധാരണ അന്തിമരൂപം നൽകുന്നതിനായി ഖത്തർ നയതന്ത്ര സംഘം ടെഹ്റാനിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ ധാരണ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ പ്രതിനിധി സംഘം ഇറാൻ തലസ്ഥാനത്ത് എത്തിയത്. അമേരിക്കയുടെ അപ്പാഷെ ഹെലിക്കോപ്റ്റർ തകർത്ത സംഭവത്തിന് പിന്നാലെ രൂപപ്പെട്ട സംഘർഷാവസ്ഥയിൽ നേരിയ ശമനം ഉണ്ടായ സാഹചര്യത്തിലാണ് ഖത്തറിന്റെ ഇടപെടൽ. അതേസമയം ഹെലിക്കോപ്റ്റർ വീഴ്ത്തപ്പെട്ട സംഭവത്തിന് ശേഷം അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രാത്രിയിൽ കടുത്ത ഏറ്റുമുട്ടലുകളാണ് ഉണ്ടായത്.

അടിയും തിരിച്ചടിയും

പരസ്പര ആക്രമണങ്ങളും തിരിച്ചടികളുമായി അമേരിക്കയും ഇറാനും വീണ്ടും യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചതോടെ ലോകം ആശങ്കയിലാണ്. അപ്പാഷെ ഹെലിക്കോപ്റ്റർ വീഴ്ത്തിയതിന് പ്രതികാരമായി ഇറാനിലെ 20 കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യമിട്ടു. ഹോർമൂസ് തീരപ്രദേശത്തെ റഡാർ, ടെലികമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങൾക്കും ബന്ദർ അബ്ബാസ്, മിനാബ്, ഖേഷം, സിരിക് ദ്വീപുകളിലുമുള്ള കേന്ദ്രങ്ങൾക്കും നേരെയായിരുന്നു ആക്രമണം. യുദ്ധവിമാനങ്ങളിൽ നിന്ന് മിസൈൽ ആക്രമണവും നടത്തി. മറുപടിയായി ജോർദാനിലെ എഫ്-35 വിമാന ഹാംഗറുകൾ ഉൾപ്പെടെ ബഹ്റൈനിലെയും കുവൈത്തിലെയും നാവിക-വ്യോമ താവളങ്ങൾ അടങ്ങിയ 21 കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചു. ഖദർ, ഇമാദ്, ഖൈബർ, സിജ്ജീൽ എന്നീ ഖര ഇന്ധന ദീർഘദൂര മിസൈലുകളാണ് ഇറാൻ ഉപയോഗിച്ചത്. കുവൈത്തിലെ സലിം അൽ സാലിം വ്യോമതാവളവും ബഹ്റൈനിലെ അഞ്ചാം കപ്പൽപ്പട താവളവും ആക്രമണ ലക്ഷ്യങ്ങളിലുണ്ടായിരുന്നു. ജോർദാനിലും ശക്തമായ ആക്രമണം നടന്നു. തുടർന്ന് സൗദി അറേബ്യയും തുർക്കിയും സംഘർഷം ലഘൂകരിക്കാൻ ഇടപെട്ടു. സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇറാന്റെ പ്രതികരണം. അമേരിക്ക തുടരുന്ന നാവിക ഉപരോധം ഇറാനിൽ സമ്മർദം വർധിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇറാനെ വളഞ്ഞുനിൽക്കുന്ന വിദേശ സൈനിക സാന്നിധ്യങ്ങൾ പിൻവാങ്ങുന്നതാണ് ഉചിതമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. തങ്ങൾക്കെതിരായ ഒരു ആക്രമണവും മറുപടി കൂടാതെ പോകില്ലെന്ന നിലപാടിലാണ് നിലവിൽ ഇറാൻ.

Leave a Reply

Your email address will not be published. Required fields are marked *