മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് തിരക്കേറിയ റോഡിലേക്ക്; സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് ബസ് ജീവനക്കാർ

മലപ്പുറം: മുട്ടിലിഴഞ്ഞ് തിരക്കേറിയ റോഡിലെത്തിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ. റോഡിന്റെ മധ്യഭാഗത്ത് കുഞ്ഞ് ഇരിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മലപ്പുറം കൊണ്ടോട്ടിയിലെ പുളിക്കൽ റോഡിലെ വലിയപറമ്പ് പ്രദേശത്താണ് സംഭവം. ബുധനാഴ്ച രാവിലെയാണ് റോഡിൽ കുഞ്ഞ് ഇരിക്കുന്നത് ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കുഞ്ഞിനെ കണ്ട ഉടൻ ഡ്രൈവർ വാഹനം നിർത്തുകയും ജീവനക്കാരൻ കുഞ്ഞിനെ സുരക്ഷിതമായി എടുത്തുമാറ്റുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

റോഡിന്റെ ഇരുവശങ്ങളിലും വീടുകളുള്ള പ്രദേശത്താണ് സംഭവം നടന്നത്. സമീപത്തെ വീട്ടിൽ നിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയതെന്നാണ് വിവരം. കുഞ്ഞിനെ കൈയിലെടുത്ത് വീട്ടുകാരെ അന്വേഷിച്ച് കണ്ടക്ടർ എത്തിയപ്പോഴാണ് കുഞ്ഞ് റോഡിലെത്തിയ വിവരം കുടുംബാംഗങ്ങൾ അറിയുന്നത്. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരുന്ന സമയത്ത് ശ്രദ്ധ തെറ്റിയപ്പോഴാണ് കുഞ്ഞ് പുറത്തേക്ക് പോയതെന്ന് പിതാവ് പറഞ്ഞു. ബസിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *