കേരളത്തിലെ ഏറ്റവും ശുദ്ധവായു തട്ടേക്കാട്ടിൽ; വായു ഗുണനിലവാര സൂചികയിൽ ഒന്നാമത്

കോതമംഗലം: കേരളത്തിലെ വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള കേന്ദ്രമായി തട്ടേക്കാടിനെ കണ്ടെത്തിയതായി പഠന റിപ്പോർട്ട്. വനപരിസരങ്ങളിലെ വായു നിലവാരം വിലയിരുത്തുന്നതിനായി നടത്തിയ പഠനത്തിലാണ് മാലിന്യരഹിതവും ശുദ്ധവുമായ വായു ലഭിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ തട്ടേക്കാട് ഒന്നാമതെത്തിയത്. വനാന്തരങ്ങളിലെ സൂക്ഷ്മ കാലാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷമാണ് ഇവിടെ അനുഭവപ്പെടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വനം വകുപ്പിന്റെ നിർദേശപ്രകാരം നടത്തിയ പഠനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകളാണ് അടിസ്ഥാനമാക്കിയത്. വായു ഗുണനിലവാര സൂചികയിൽ 0 മുതൽ 50 വരെയുള്ള ഏറ്റവും മികച്ച വിഭാഗത്തിലാണ് തട്ടേക്കാട് ഉൾപ്പെട്ടത്. ഇതേ വിഭാഗത്തിൽപ്പെടുന്ന മറ്റൊരു പ്രധാന കേന്ദ്രം സൈലന്റ് വാലിയുമാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ വനപരിസ്ഥിതി മേഖലകളോട് ചേർന്ന ഏകദേശം 30 സ്ഥലങ്ങളിലെ വിവരങ്ങൾ ശേഖരിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

തട്ടേക്കാടിന്റെ പരിസ്ഥിതി പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വെറും 25.16 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തട്ടേക്കാട് പക്ഷിസങ്കേതമാണ് സംസ്ഥാനത്ത് ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള പ്രദേശമായി വിലയിരുത്തപ്പെട്ടത്. വായു ഗുണനിലവാര സൂചികയിൽ 0 മുതൽ 50 വരെയുള്ള നിരക്കാണ് ഏറ്റവും ശുദ്ധമായ വായുവിനെ സൂചിപ്പിക്കുന്നത്. 51-100 വരെ മിതമായ നിലയും, 101-150 വരെ മോശം നിലയും, 151-200 വരെ ആരോഗ്യത്തിന് ഹാനികരമായ നിലയുമാണെന്ന് പഠനം വ്യക്തമാക്കുന്നു.

നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലായിരുന്നു പഠനം. കൗൺസിൽ കേരള ചാപ്റ്റർ ഓഡിറ്ററും ആരക്കുന്നം ടോക് എച്ച് എൻജിനീയറിങ് കോളേജിലെ സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സ്റ്റെഫി ജെയിംസ്, കൊച്ചിൻ ഷിപ്പ്യാർഡിലെ മുൻ ചീഫ് സേഫ്റ്റി ഓഫീസറും നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിന്റെ ഓണററി സെക്രട്ടറിയുമായ എ.എൽ. ജാക്സൺ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വായു ഗുണനിലവാരം സംബന്ധിച്ച പഠനത്തിന്റെ ഭാഗമായി ഡോ. സ്റ്റെഫി ജെയിംസും എ.എൽ. ജാക്സണും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി.ടി. ഔസേപ്പിനൊപ്പം പ്രദേശം സന്ദർശിച്ച് വിശദമായ പരിശോധനകളും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *