ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാം; സർക്കാരിനോട് ശുപാർശ ചെയ്ത് എസ്.ടി.എ

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് നിലവിൽ നിർബന്ധമാക്കിയിരിക്കുന്ന വെള്ള നിറത്തിൽ മാറ്റം വരുത്താമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ). ഇതിനായി സർക്കാർ നിലവിലെ നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്നാണ് എസ്.ടി.എയുടെ ശുപാർശ. 2022ൽ വടക്കാഞ്ചേരി അപകടത്തിന് പിന്നാലെയായിരുന്നു ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർ കോഡ് നിർബന്ധമാക്കിയത്. അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിന് പിന്നീട് കോടതിയുടെ അംഗീകാരവും ലഭിച്ചിരുന്നു.

റോഡ് സുരക്ഷയും വാഹനങ്ങളുടെ നിറവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നും, ഏകീകൃത നിറം തങ്ങളുടെ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ബസ് ഉടമകൾ എസ്.ടി.എയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ ചില ഉടമകൾ നിറമാറ്റം അംഗീകരിച്ചതിനെ തുടർന്ന് സർക്കാർ ഉത്തരവ് നടപ്പിലാക്കുകയായിരുന്നു.

കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായതിന് ശേഷം ടൂറിസ്റ്റ് ബസ് ഉടമകൾ വെള്ള നിറത്തിനെതിരായ എതിർപ്പ് വീണ്ടും ശക്തമാക്കുകയും വിഷയത്തിൽ പെറ്റീഷൻ എസ്.ടി.എയുടെ പരിഗണനയിലെത്തുകയും ചെയ്തു. മാർച്ച് 9ന് നടന്ന യോഗത്തിൽ എടുത്ത തീരുമാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരള മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്തി സർക്കാർ തീരുമാനമെടുക്കാമെന്നും, അത്തരം മാറ്റത്തിന് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് എതിർപ്പില്ലെന്നുമാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *