സുൽത്താൻ ബത്തേരി: വിദ്യാർഥികളിൽ ഷിഗെല്ല രോഗബാധ കണ്ടെത്തിയ ബത്തേരി മാർ ബസേലിയോസ് എ യു പി സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. സ്കൂൾ കിണറിലെ ജല പരിശോധനാ ഫലം ലഭിച്ചതായും, അതിൽ വിവിധ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി. കിണറിലെ വെള്ളം ഉപയോഗിക്കാൻ പാടില്ലെന്ന് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സ്കൂളിലെ എട്ട് വിദ്യാർഥികൾക്കാണ് ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് വിദ്യാർഥികൾക്കും ഇന്ന് അഞ്ച് വിദ്യാർഥികൾക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 502 വിദ്യാർഥികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 44 വിദ്യാർഥികൾ ചികിത്സയിൽ തുടരുകയാണ്. കോളിയാടി സ്കൂളിലെ വിദ്യാർഥികളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 27 കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി 969 കിണറുകൾ ക്ലോറിനേറ്റ് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം കോളിയാടിയിലെ ഷിഗെല്ല വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നോയെന്ന ആശങ്ക ശക്തമാകുകയാണ്. ആദ്യം സ്കൂളിലെ വിദ്യാർഥികളിലും അധ്യാപകരിലുമായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. പിന്നീട് ചില കുട്ടികളുടെ ബന്ധുക്കളിലും സമാന ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് ആശങ്ക ഉയർന്നത്. സ്കൂളിലെ കുട്ടികളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 27 പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നേരത്തെ പരിശോധനയ്ക്കായി അയച്ച 18 കുട്ടികളുടെ ഫലം ഉടൻ ലഭിക്കുമെന്നാണ് വിവരം. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂളുകളിലെ ജലസ്രോതസുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനമായിട്ടുണ്ട്.














Leave a Reply