വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം എട്ടായി

കൽപറ്റ: ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജൂൺ ഏഴിന് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പോസിറ്റീവായിരിക്കുന്നത്.

അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയും സമീപ പ്രദേശങ്ങളും സന്ദർശിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള നിർദേശങ്ങളും സംഘം നൽകി.

ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളും നേരിട്ടുള്ള ബോധവത്കരണ പരിപാടികളും പ്രദേശത്ത് തുടരുകയാണ്. കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനായി പ്രത്യേക ക്ലോറിനേഷൻ ഡ്രൈവും നടന്നു വരുന്നു.

ആരോഗ്യവകുപ്പ് പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അഭ്യർഥിച്ചു. വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം എന്നിവയിൽ യാതൊരു വീഴ്ചയും വരുത്തരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *