തമിഴക രാഷ്ട്രീയത്തിൽ പുതിയ ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ അണ്ണാമലൈയുടെ പാർട്ടിയിലേക്ക്

ചെന്നൈ: നടൻ രജനീകാന്തിന്റെ മരുമകനും നടനും വ്യവസായിയുമായ വിശാഖൻ കെ, കെ. അണ്ണാമലൈ ആരംഭിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ട്. രജനീകാന്തിന്റെ മകൾ സൗന്ദര്യയുടെ ഭർത്താവായ വിശാഖൻ, ഫാർമസ്യൂട്ടിക്കൽ മേഖലയിലും സജീവ സാന്നിധ്യമാണ്. അണ്ണാമലൈ രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ ഭാഗമാകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അണ്ണാമലൈക്ക് രജനീകാന്തിന്റെ പിന്തുണ ലഭിക്കുന്നുവെന്ന സൂചനകൾക്കിടെയാണ് ഈ രാഷ്ട്രീയ നീക്കം ശ്രദ്ധ നേടുന്നത്.

ജൂൺ 5നാണ് കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചത്. പിന്നാലെ ‘വി ദ ലീഡേഴ്സ്’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രസ്ഥാനത്തിന് മികച്ച ജനപിന്തുണ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ 13,85,763 പേർ സജീവ അംഗങ്ങളായി രജിസ്റ്റർ ചെയ്തതായി അണ്ണാമലൈ അവകാശപ്പെട്ടു.

2020ൽ ഇന്ത്യൻ പൊലീസ് സർവീസ് (ഐ.പി.എസ്) രാജിവെച്ച ശേഷമാണ് അണ്ണാമലൈ ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ ചേർന്നതിനു പിന്നാലെ സംസ്ഥാന വൈസ് പ്രസിഡന്റായി ഉയർന്ന അദ്ദേഹം, അടുത്ത വർഷം തന്നെ 37-ാം വയസ്സിൽ തമിഴ്നാട് ബിജെപി അധ്യക്ഷനായി. രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായമായാണ് പുതിയ പ്രസ്ഥാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

സാധാരണക്കാരെയും യുവാക്കളെയും ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ അണ്ണാമലൈ ആഹ്വാനം ചെയ്തിട്ടുണ്ട്. ‘വി ദ ലീഡേഴ്സ്’ എന്ന വെബ്‌സൈറ്റിലൂടെയാണ് സന്നദ്ധ പ്രവർത്തകരെ ചേർക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ അടിത്തട്ടിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പുതിയ തലമുറ നേതാക്കളെ വളർത്തിയെടുക്കുമെന്നും അണ്ണാമലൈ നേരത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *