സിപിഎമ്മിന്റെ തോൽവി വിലയിരുത്തൽ മര്യാദകേടെന്ന് പി.കെ കൃഷ്ണദാസ്

ദില്ലി: സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തൽ വങ്കത്തരവും മര്യാദകേടുമാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. വീഴ്ചകൾ മറച്ചുവച്ചും പിണറായി വിജയനെ സംരക്ഷിച്ചുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ വോട്ട് എവിടേക്ക് പോയെന്ന് കണ്ടെത്താതെ ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചുവെന്ന വ്യാജപ്രചാരണമാണ് നടത്തുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചുവെന്നത് കണക്കുകളുടെ അടിസ്ഥാനത്തിൽ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും വോട്ട് വർധിപ്പിച്ചപ്പോൾ എൽഡിഎഫിന്റെ വോട്ടാണ് കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വോട്ടുകളാണ് കോൺഗ്രസിലേക്ക് പോയതെന്നും സിപിഎമ്മിന്റെ വോട്ട് എവിടേക്ക് പോയെന്ന് അവർ വ്യക്തമാക്കണമെന്നും പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് പരസ്പരം ഏറ്റുമുട്ടുന്ന നേതാക്കൾ ദില്ലിയിലെത്തുമ്പോൾ ജോൺ ബ്രിട്ടാസും കെ.സി. വേണുഗോപാലും തമ്മിൽ ആലിംഗനം ചെയ്യുന്നത് എന്ത് രാഷ്ട്രീയമാണെന്നും അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരായ സിപിഎമ്മിന്റെ നിലപാട് അപകടകരമാണെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം സ്വമേധയാ തേടിപ്പോയി വായിച്ച ശേഷം ഇപ്പോൾ അതാണ് തോൽവിക്ക് കാരണമായതെന്ന് പറയുന്നത് അപഹാസ്യമാണെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *