തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിക്കുന്നത് അതീവ ലാഘവപരമായ സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വന്യജീവി ആക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായി വനംമന്ത്രി നടത്തിയ ‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’ എന്ന പരാമർശം ഉത്തരവാദിത്തമില്ലായ്മയുടെ ഉദാഹരണമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ ആറുപേരുടെ ജീവനാണ് നഷ്ടമായത്. വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച രാജുവാണ് ഏറ്റവും ഒടുവിലത്തെ ഇര. ദുരന്തം നടന്നിട്ടും സംഭവസ്ഥലത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തി സ്ഥിതിഗതികൾ വിലയിരുത്താത്തത് ഗുരുതരമായ വീഴ്ചയാണെന്ന വിമർശനവും ഉയരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനവാസ മേഖലകളിലേക്ക് വന്യജീവികൾ കടന്നുകയറുന്നത് തടയാനും ആക്രമണ സ്വഭാവമുള്ള മൃഗങ്ങളെ പിടികൂടി മാറ്റാനുമായി ഔദ്യോഗിക സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും, ഭരണമാറ്റത്തിന് ശേഷം അവയുടെ കാര്യക്ഷമമായ പ്രവർത്തനം ഇല്ലാതായതായി തോന്നുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളും ജീവനഷ്ടങ്ങളും ഈ നിഷ്ക്രിയത്വത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഭീതിയോടെ കഴിയുന്ന ജനങ്ങൾക്കൊപ്പം നിന്ന് അവർക്കാവശ്യമായ പിന്തുണയും ആശ്വാസവും നൽകുക എന്നത് സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ജനവിരുദ്ധ സമീപനമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, അവർക്ക് ഉടൻ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ വന്യജീവി ആക്രമണം മൂലം കൃഷിനാശം നേരിട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം വൈകാതെ നൽകണമെന്നും പ്രതിപക്ഷ നേതാവ് സർക്കാരിനോട് ആവശ്യപ്പെട്ടു.














Leave a Reply