ദില്ലി: തൃണമൂൽ കോൺഗ്രസുമായി (ടി.എം.സി) കോൺഗ്രസ് നിലവിൽ യാതൊരു ലയന ചർച്ചകളും നടത്തുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ദില്ലിയിലെ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ മമത ബാനർജി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, മമതയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തെന്ന രീതിയിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം പൂർണമായും നിഷേധിച്ചു. അത്തരത്തിലുള്ള ചർച്ചകളൊന്നും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇരു പാർട്ടികളും ഒരുമിച്ച് മുന്നോട്ടുപോകാനാണ് ധാരണയായിട്ടുള്ളതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ചില ദേശീയ മാധ്യമങ്ങളാണ് മമതയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് ചെയ്തത്.
ലയന നിർദ്ദേശവുമായി സഞ്ജയ് റാവത്ത്
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഷ്ട്രീയ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിലാണ് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിയുടെ നീക്കങ്ങളെ തുടർന്ന് എം.പിമാരും എം.എൽ.എമാരും കൂറുമാറുന്ന സാഹചര്യം ബംഗാളിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസ് കോൺഗ്രസിൽ ലയിക്കണമെന്നാണ് പലരും മുന്നോട്ടുവയ്ക്കുന്ന നിർദേശം. ബി.ജെ.പി നീക്കങ്ങളെ ചെറുക്കാൻ ടി.എം.സി കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അടക്കമുള്ളവർ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെയാണ് മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. 2021ന് ശേഷം ആദ്യമായാണ് മമത 10 ജൻപഥിലെത്തി സോണിയ ഗാന്ധിയെ കാണുന്നത്. ടി.എം.സി കോൺഗ്രസിൽ ലയിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയുണ്ടായ ഈ സന്ദർശനത്തിന്റെ ലക്ഷ്യം വ്യക്തമല്ല. ഇക്കാര്യത്തിൽ മമതയോ ടി.എം.സിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കോൺഗ്രസ് ഇത്തരത്തിലുള്ള ചർച്ചകൾ നിഷേധിച്ചതോടെ ലയന സാധ്യതയ്ക്ക് മങ്ങലേൽക്കുന്നതായാണ് വിലയിരുത്തൽ.
വിമതർ വർധിക്കുന്നു
അതേസമയം, തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിക്കുള്ളിലെ പ്രതിസന്ധി ഒഴിവാക്കാനുള്ള മമത ബാനർജിയുടെ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. കൂടുതൽ എം.പിമാർ വിമതപക്ഷത്തേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മമത ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത യൂസഫ് പഠാൻ ഉൾപ്പെടെ പിന്നീട് ദില്ലിയിലെത്തി വിമതർക്കൊപ്പമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ അയോഗ്യത ഒഴിവാക്കാൻ ആവശ്യമായ 20 അംഗങ്ങളുടെ പിന്തുണ വിമതപക്ഷത്തിനുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്പീക്കറെ നേരിൽ കണ്ട് സംഖ്യാബലം ബോധ്യപ്പെടുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ഇതുവരെ നടന്നിട്ടില്ല. ഓപ്പറേഷൻ താമര വിജയിച്ചിട്ടില്ലെന്നാണ് മമത പക്ഷത്തുള്ള കീർത്തി ആസാദ് അവകാശപ്പെട്ടത്.















Leave a Reply