ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ ബന്ധം ഒരു രാജ്യസഭ സീറ്റിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനാകുന്നതല്ലെന്ന് ജനതാദൾ എസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. രാജ്യസഭയിലേക്ക് വീണ്ടും നാമനിർദേശം ലഭിക്കാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എൻ.ഡി.എയുടെ ഭാഗമായ ജനതാദൾ എസിന് രാജ്യസഭ സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് കോൺഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് ദേവഗൗഡയുടെ പ്രതികരണം.
ജൂൺ 25നാണ് ദേവഗൗഡയുടെ രാജ്യസഭ അംഗത്വ കാലാവധി അവസാനിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ സജീവ പാർലമെന്ററി ജീവിതത്തിനും താൽക്കാലിക ഇടവേളയാകും. എന്നാൽ രാജ്യസഭ സീറ്റ് ലഭിക്കാത്തത് മോദിയുമായുള്ള വ്യക്തിബന്ധത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘12 വർഷം മുമ്പ് പ്രധാനമന്ത്രിയായത് മുതൽ മോദിയുമായി നല്ല ബന്ധമാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗോധ്ര വിഷയത്തിൽ ഞാൻ അദ്ദേഹത്തെ ശക്തമായി വിമർശിച്ചിട്ടുമുണ്ട്’ – ദേവഗൗഡ പറഞ്ഞു.
വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാൻ തനിക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ ആഗ്രഹമുണ്ടായിരുന്നെങ്കിൽ ഡൽഹി സന്ദർശനത്തിനിടെ പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ നേരിൽ കണ്ട് വിഷയം ഉന്നയിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1960ൽ താലൂക്ക് ഡെവലപ്‌മെന്റ് ബോർഡിലൂടെയാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചതെന്നും ദേവഗൗഡ ഓർമിപ്പിച്ചു.
കർണാടകയിൽ ഒഴിവുവരുന്ന നാല് രാജ്യസഭ സീറ്റുകളിൽ നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിന് മൂന്ന് സ്ഥാനാർഥികളെ വിജയിപ്പിക്കാനാകും. എൻ.ഡി.എയ്ക്ക് ഒരു സ്ഥാനാർഥിയെ മാത്രമാണ് വിജയിപ്പിക്കാൻ കഴിയുക. ജൂൺ 18നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
2020 ജൂൺ 26നാണ് കോൺഗ്രസിന്റെ പിന്തുണയോടെ ഹരദനഹള്ളി ദൊഡ്ഡഗൗഡ ദേവഗൗഡ എന്ന എച്ച്.ഡി. ദേവഗൗഡ രാജ്യസഭയിലെത്തിയത്. നിലവിൽ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏക മുൻ പ്രധാനമന്ത്രിയായ ദേവഗൗഡയുടെ രാജ്യസഭ അംഗത്വ കാലാവധി ഈ മാസം 25ന് അവസാനിക്കും.















Leave a Reply