ആസ്തി വില്‍പനയിലൂടെ വന്‍ വരുമാനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച അടിയന്തര നടപടികൾ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെ മറികടക്കാനും അധിക വരുമാനം കണ്ടെത്താനുമായി സർക്കാർ ഭൂമിയും മറ്റ് ആസ്തികളും വിറ്റഴിക്കാനുള്ള നടപടികൾ കേന്ദ്രം ശക്തമാക്കുന്നു. ഇതിനൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളും വിറ്റഴിക്കാനാണ് തീരുമാനം. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റും ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റർപ്രൈസസും യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2027 സാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ സമാഹരിക്കാനാണ് ബജറ്റിൽ ലക്ഷ്യമിട്ടിരിക്കുന്നത്. നിക്ഷേപകരുടെ താൽപര്യക്കുറവും മൂല്യനിർണയവുമായി ബന്ധപ്പെട്ട ആശങ്കകളും കാരണം നേരത്തെ നിർത്തിവെച്ചിരുന്ന ഐഡിബിഐ ബാങ്കിന്റെ വിൽപനയും സർക്കാർ വീണ്ടും പരിഗണിച്ചേക്കും.

ലക്ഷ്യം 10 ലക്ഷം കോടി രൂപ

നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ 2.0 പദ്ധതിയുടെ ഭാഗമായി 2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷ കാലയളവിൽ സർക്കാർ ആസ്തികൾ പണമാക്കി മാറ്റി 10 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായ എൻഎംപി 1.0 വഴി ലക്ഷ്യമിട്ടിരുന്ന 6 ലക്ഷം കോടി രൂപയിൽ 90 ശതമാനവും നേടാൻ സർക്കാരിന് സാധിച്ചിരുന്നു. ഇതിനൊപ്പം നാഷണൽ ലാൻഡ് മോണിറ്റൈസേഷൻ കോർപ്പറേഷൻ മുഖേന ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ ഭൂമികളും മറ്റ് പ്രധാനമല്ലാത്ത ആസ്തികളും പണമാക്കി മാറ്റുന്ന നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. ഡിപിഇയുടെ കണക്കുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 10,048 കോടി രൂപ മൂല്യമുള്ള ആസ്തികൾ പണമാക്കി മാറ്റുന്നതിനുള്ള അനുമതികൾ ലഭിച്ചിട്ടുണ്ട്.

സാമ്പത്തിക ബാധ്യതയ്ക്ക് കാരണം എന്ത്?

അടുത്തിടെ പ്രഖ്യാപിച്ച വിവിധ സാമ്പത്തിക പദ്ധതികളാണ് സർക്കാരിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുമായി 1 ലക്ഷം കോടി രൂപയുടെ ‘ഇക്കണോമിക് സ്റ്റെബിലൈസേഷൻ ഫണ്ട്’ സർക്കാർ രൂപീകരിച്ചിരുന്നു. ഇതിൽ നിന്ന് 10,000 കോടി രൂപ വിമാന ഇന്ധനവില സ്ഥിരപ്പെടുത്തുന്നതിനായി എണ്ണ വിപണന കമ്പനികൾക്ക് അനുവദിച്ചിട്ടുണ്ട്. കൂടാതെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും വ്യോമയാന മേഖലയെയും പിന്തുണയ്ക്കുന്നതിനായി 18,000 കോടി രൂപ വകയിരുത്തി പുതിയ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *