ഭിന്നത മുതലെടുക്കാൻ നീക്കം; മണ്ഡല പുനർനിർണയ ബിൽ വീണ്ടും പാർലമെന്റിലേക്ക്

ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിലെ അഭിപ്രായ ഭിന്നതകളും തൃണമൂൽ കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ പ്രതിസന്ധിയും പശ്ചാത്തലമാക്കി മണ്ഡല പുനർനിർണയവും വനിതാ സംവരണവും നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കുന്നതായി റിപ്പോർട്ടുകൾ.

ലോക്സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ഏപ്രിലിൽ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലാണ് രണ്ട് മാസങ്ങൾക്ക് ശേഷം നടക്കുന്ന വർഷകാല സമ്മേളനത്തിൽ ഭേദഗതികളോടെ വീണ്ടും കൊണ്ടുവരാൻ ആലോചിക്കുന്നത്. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ലോക്സഭയിൽ 360 എം.പിമാരുടെ പിന്തുണ ആവശ്യമാണ്.

നിലവിൽ എൻ.ഡി.എയ്ക്ക് 293 അംഗങ്ങളുടെ പിന്തുണയാണുള്ളത്. തൃണമൂൽ കോൺഗ്രസിലെ വിമത എം.പിമാർ കൂടി ചേർന്നാൽ ഇത് 313 ആയി ഉയരും. ഇതിനൊപ്പം ഇൻഡ്യ മുന്നണിയിൽ നിന്ന് അകന്നുനിൽക്കുന്ന ഡി.എം.കെ അംഗങ്ങളുടെയും സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണ ലഭിച്ചാൽ ബിൽ പാസാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.

മണ്ഡല പുനർനിർണയം നടപ്പായാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്കയാണ് ഡി.എം.കെ പ്രധാനമായി ഉയർത്തിയിരുന്നത്.

പുതിയ നിർദേശമനുസരിച്ച് ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കുമ്പോഴും സംസ്ഥാനങ്ങൾക്കിടയിലെ നിലവിലെ സീറ്റ് അനുപാതത്തിൽ വലിയ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പുനൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിലൂടെ ഡി.എം.കെയുടെ എതിർപ്പ് മറികടക്കാമെന്നാണ് വിലയിരുത്തൽ.

ഈ വിഷയത്തിൽ ഡി.എം.കെ നേതൃത്വവുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ലോക്സഭയിലെ പരമാവധി അംഗസംഖ്യ 550ൽ നിന്ന് 850 ആയി ഉയർത്തിയാലും സംസ്ഥാനങ്ങൾക്കിടയിലെ സീറ്റ് വിഭജനം 1971 ലെ സെൻസസ് അടിസ്ഥാനത്തിൽ തന്നെ തുടരാനാണ് ആലോചന.

പ്രത്യേക മണ്ഡല പുനർനിർണയ ബിൽ പാസായ ശേഷം രൂപീകരിക്കുന്ന ഡീലിമിറ്റേഷൻ കമ്മീഷനാകും പുതിയ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ നിർണയിക്കുക. സംസ്ഥാനങ്ങൾക്കുള്ളിലെ നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിന് നിലവിലെ 2001 ലെ സെൻസസിന് പകരം 2011 ലെ സെൻസസ് അടിസ്ഥാനമാക്കാനും സാധ്യതയുണ്ട്.

രാജ്യസഭയിൽ എൻ.ഡി.എയ്ക്ക് നിലവിൽ 148 അംഗങ്ങളുടെ പിന്തുണയുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 164 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ടി.എം.സിക്കും ഡി.എം.കെക്കും ചേർന്ന് രാജ്യസഭയിൽ 20 അംഗങ്ങളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *