‘ജയിക്കാവുന്ന എലത്തൂർ പോലും തോറ്റു’; ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പി സി ചാക്കോ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ വലിയ തോൽവിക്ക് പിന്നാലെ എ കെ ശശീന്ദ്രനെതിരെ കടുത്ത വിമർശനവുമായി പി സി ചാക്കോ. ഏത് സാഹചര്യത്തിലും എൻസിപിക്ക് വിജയിക്കാനാകുന്ന മണ്ഡലമായിരുന്നു എലത്തൂർ. വ്യക്തിപരമായ താത്പര്യങ്ങൾ പലർക്കും ഉണ്ടായേക്കാം. എന്നാൽ ഇന്ന് പാർട്ടി എംഎൽഎമാരില്ലാത്ത അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. പാർട്ടിയെക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം നൽകിയവരാണ് സംഘടനയെ ഈ നിലയിലേക്കെത്തിച്ചതെന്നും പി സി ചാക്കോ പറഞ്ഞു.

തോമസ് കെ തോമസ് പ്രസിഡന്റായതിന് ശേഷം ഒരു ജില്ലാ യോഗം പോലും വിളിച്ചില്ല. മാസങ്ങളായി പാർട്ടി ദയനീയ അവസ്ഥയിലായിരുന്നു. ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റിനെ മാറ്റിയത്. സുരേഷ് ബാബുവിനെ പ്രസിഡന്റാക്കിയ തീരുമാനം ഏറ്റവും ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു. എൻസിപി വീണ്ടും ശക്തമായി തിരിച്ചുവരുമെന്നും ഈ പാർട്ടിയെ എഴുതിത്തള്ളാനാകില്ലെന്നും പി സി ചാക്കോ കൂട്ടിച്ചേർത്തു.

നേരത്തെ കേരളത്തിലെ എൻസിപിയിലെ പിളർപ്പിനും പുതിയ പാർട്ടി പ്രഖ്യാപനത്തിനും പിന്നാലെ എ കെ ശശീന്ദ്രൻ വഞ്ചിച്ചുവെന്ന ആരോപണവുമായി എൻസിപി സംസ്ഥാന പ്രസിഡന്റ് പി എം സുരേഷ് ബാബുവും രംഗത്തെത്തിയിരുന്നു. പാർട്ടിയെ പിളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എൻഡിഎ ബന്ധം ആരോപിക്കുന്നതെന്ന് സുരേഷ് ബാബു പ്രതികരിച്ചു. ശരത് പവാറിന്റെ ആശയങ്ങളെക്കുറിച്ച് സിപിഎമ്മിന് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എലത്തൂരിൽ മത്സരിച്ചപ്പോൾ ശശീന്ദ്രനെതിരെ ഇത്തരം ആരോപണങ്ങൾ ഉണ്ടായിരുന്നില്ല. ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തെ കോഴിക്കോട് സിപിഎം നേതൃത്വം എതിർത്തിരുന്നു. കുട്ടനാട്ടിൽ തോമസ് കെ തോമസിന്റെ സ്ഥാനാർഥിത്വത്തെ ആലപ്പുഴ സിപിഎം ജില്ലാ നേതൃത്വവും എതിർത്തിരുന്നു. എന്നാൽ മുന്നണി മര്യാദ കണക്കിലെടുത്താണ് സിപിഎം സംസ്ഥാന നേതൃത്വം ഇരുവർക്കും സീറ്റ് അനുവദിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *