തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ ബി.ജെ.പി വാർഡ് കൗൺസിലർ സുഗതനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. വാഴോട്ട്കോണത്ത് ഒളിവിൽ കഴിയുകയായിരുന്ന സുഗതനെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ അദ്ദേഹവും അനുയായികളും ആക്രമണം നടത്തിയതോടെയാണ് സംഭവം സംഘർഷഭരിതമായത്. ആക്രമണത്തിൽ വട്ടിയൂർക്കാവ് സി.ഐ വിപിനും എസ്.ഐ അഭിജിത്തിനും പരിക്കേറ്റു. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിനിടെ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത ശേഷമാണ് പൊലീസ് സുഗതനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെതിരെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പായി വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വധശ്രമക്കേസിൽ പ്രതിയായ സുഗതന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് ജൂൺ 7ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ സുഗതൻ പ്രദേശത്ത് എത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. മുമ്പ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയാണ് സുഗതനെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, സുഗതൻ ഒളിവിൽ കഴിഞ്ഞിരുന്നില്ലെന്നും ചിക്കൻപോക്സിന് ചികിത്സയിലായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണം. വനിതാ പൊലീസ് ഉദ്യോഗസ്ഥരില്ലാതെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും വെടിയുതിർത്ത് ഭീതിപരത്തിയെന്നും അവർ ആരോപിച്ചു.














Leave a Reply